Kollam Local

കുണ്ടറയില്‍ വ്യാപകമായി മോഷണം; പോലിസ് പട്രോളിങ് ഊര്‍ജ്ജിതമാക്കണം



കുണ്ടറ: കുണ്ടറയില്‍ രാത്രികാലങ്ങളില്‍ മോഷണം വ്യാപകം. പോലിസ് പട്രോളിങ് ഊര്‍ജ്ജിതമാക്കണമെന്ന ആവശ്യം ശക്തമായി. പെരുമ്പുഴ റേഡിയോ ജങ്ഷന്‍ റസിഡന്റ്‌സ് അസോസിയേഷന്റെ പരിധിക്കുള്ളിലും കരീപ്ര ഗ്രാമപ്പഞ്ചായത്തിലെ തളവൂര്‍കോണം വാര്‍ഡിലെ നെല്ലിമുക്ക് അമ്മാച്ചന്‍ മുക്ക് ,ഇടിമുക്ക് തുടങ്ങിയ സ്ഥലങ്ങളിലുമാണ് രാത്രി കാലങ്ങളില്‍ കവര്‍ച്ച നടന്നത്. അടഞ്ഞുകിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചാണ് മോഷണ ശ്രമം കൂടുതലും നടന്നു വരുന്നത്. കുഴിമതിക്കാട് പോസ്‌റ്റോഫിസ് കുത്തിത്തുറന്നെങ്കിലും ലോക്കറിന്റെ പൂട്ട് തുറക്കാന്‍  സാധിച്ചില്ല. ഇവിടെത്തന്നെ പകല്‍ സമയം ആളില്ലാത്ത വീട് കുത്തിത്തുറന്ന് അഞ്ച് പവന്‍ സ്വണ്ണം കവര്‍ന്നത് ഒരാഴ്ച മുന്‍പാണ് .എഴുകോണ്‍ പോലിസിന്റെ പരിധിയില്‍ വരുന്ന ഈ പ്രദേശത്ത് പോലിസ് പട്രോളിങ് ശക്തമാക്കണമെന്ന് വാര്‍ഡ് മെംബര്‍ സി വിജയകുമാറും നാട്ടുകാരും ആവശ്യപ്പെട്ടു. കുണ്ടറ പെരുമ്പുഴ റേഡിയോ ജങ്ഷനിലുള്ള ഉണ്ണികൃഷ്ണപിള്ളയുടെ വീട്ടിലും തെന്നൂര്‍ സ്‌ക്കൂളിന് സമീപം സഹദേവന്റ വീട്ടിലും മോഷണശ്രമം നടന്നു. ഈ രണ്ടു വീടുകളിലും രാത്രിയില്‍ ആളുണ്ടായിരുന്നില്ല. ഇവിടെ കുറെ നാളുകളായി സാമൂഹിക വിരുദ്ധ ശല്യം വര്‍ദ്ധിക്കുന്നുവെന്ന് കാണിച്ച് കുണ്ടറ പോലിസില്‍ അസോസിയേഷന്‍ പരാതി നല്‍കിയിരുന്നു.റസിഡന്റ്‌സ് അസോസിയേഷന്റെ തെന്നൂര്‍ സ്‌ക്കൂളില്‍ വച്ചു നടന്ന സമ്മേളനത്തില്‍ കൊല്ലം എസിപി ജോര്‍ജ്ജു കോശിയും കുണ്ടറ സിഐ  എ ജയകുമാറും പങ്കെടുത്ത അതേ രാത്രിയിലാണ് ഈ സ്‌ക്കൂളിനു സമീപത്തെ വീട്ടില്‍ മോഷ്ടാക്കള്‍ കയറിയതു്.ഇതു മൂലംപ്രദേശവാസികള്‍ ഭീതിയിലാണ്. റസിഡന്റ്‌സ് അസോസിയേഷന്‍ ഇതിനെതിരേ ജാഗ്രതാ സമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. ഈ സാഹചര്യത്തില്‍ പോലിസ് പട്രോളിങ് ശക്തമാക്കണമെന്ന് പ്രസിഡന്റ് കെസി വരദരാജന്‍ പിള്ളയും സെക്രട്ടറി ബി പശുപാലനും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it