Kollam Local

കുണ്ടറയിലെ വ്യവസായ തകര്‍ച്ചയ്ക്ക് പരിഹാരം തേടി സ്ഥാനാര്‍ഥികള്‍

കൊല്ലം: വ്യവസായങ്ങളുടെ ശവപറമ്പായ കുണ്ടറയെ അതിന്റെ പഴയകാല പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള വാഗ്ദാനങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍. കൊല്ലം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച ജനസഭ-2016 സംവാദ പരിപാടിയിലാണ് പരസ്പരം പഴിചാരിയും പുതിയ വാഗ്ദാനങ്ങളുമായി സ്ഥാനാര്‍ഥികള്‍ എത്തിയത്.

കുണ്ടറ കേന്ദ്രീകരിച്ച് ഇന്‍ഫോ പാര്‍ക്ക് ആരംഭിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെ മേഴ്‌സികുട്ടിയമ്മ പറഞ്ഞു. റെയില്‍വേയുടെ ഗേജ്മാറ്റം അതിവേഗം പൂര്‍ത്തീകരിക്കാന്‍ ഇടപെടും. അഷ്ടമുടി കായലിന്റെ ടൂറിസം സാധ്യത പരമാവധി പ്രയോജനപ്പെടുത്തും.കുടിവെള്ള പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കോളനി നിവാസികളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും. യുഡിഎഫ് ഭരണത്തില്‍ തകര്‍ന്ന കേരളത്തെ നന്മയിലേക്കും പുരോഗതിയിലേക്ക് നയിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. ഇപ്പോഴത്തെ ഭരണം കശുവണ്ടി വ്യവസായത്തെ തകര്‍ത്തു. എല്‍എഡിഎഫ് ഭരണത്തില്‍ തൊഴിലാളികള്‍ക്ക് സുവര്‍ണകാലമായിരുന്നു. ഇന്നവര്‍ക്ക് കഷ്ടകാലമാണ്.
കഴിഞ്ഞവര്‍ഷം കശുവണ്ടി തൊഴിലാളികള്‍ക്ക് 55 ദിവസമാണ് ജോലി ലഭിച്ചത്. ഈവര്‍ഷം ഒരുദിവസം പോലും ജോലിയുണ്ടായില്ല. ഇടതുമുന്നണി ഭരിച്ചപ്പോള്‍ 284 തൊഴില്‍ദിനങ്ങള്‍ വരെ നല്‍കി. ഇടതുമുന്നണി അധികാരത്തില്‍ അടഞ്ഞുകിടക്കുന്ന കാഷ്യു കോര്‍പ്പറേഷന്‍ ഫാക്ടറികള്‍ തുറക്കും. പരമ്പരാഗത വ്യവസായങ്ങളെല്ലാം സംരക്ഷിക്കുമെന്നും അവര്‍ പറഞ്ഞു.വ്യവസായങ്ങളുടെ തലസ്ഥാനമായിരുന്ന കുണ്ടറ ഇന്ന് അതിന്റെ ശവപ്പറമ്പാണെന്നും നാടിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ പൗരുഷമുള്ള നട്ടെല്ലുള്ള, നട്ടെല്ല് വളയ്ക്കാത്ത ഒരാള്‍ എംഎല്‍എയാകണമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. സ്ഥാനാര്‍ഥിയെ പാര്‍ട്ടികളാണ് നിശ്ചയിപ്പിക്കുന്നതെങ്കിലും ജയിപ്പിക്കുന്നത് ജനങ്ങളാണ്. ജയിച്ച് കഴിഞ്ഞാല്‍ എംഎല്‍എയെ സ്വതന്ത്രമായി കാണാന്‍ ജനരാഷ്ട്രീയ പ്രതിയോഗികള്‍ക്കും ഇഷ്ടം. തിരഞ്ഞെടുപ്പിന് ശേഷം ട്രേഡ്‌യൂനിയന്‍ രംഗത്തുവരും. കശുവണ്ടി വ്യവസായത്തിലെ തൊഴിലാളി മേഖലയില്‍ കണ്ടുമടുത്ത മുഖങ്ങളെ എടുത്തുമാറ്റണം.രാഷ്ട്രീയം സേവനമാണ് ഉപജീവനമല്ല. കുണ്ടറയിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ സഞ്ചരിച്ച് പ്രചാരണം നടത്തിയ തനിക്ക് തിരഞ്ഞെടുപ്പിന് ശേഷം തിരുമ്മല്‍ നടത്താന്‍ പോകണം. എതിരാളികളെ വ്യക്തിഹത്യ നടത്താന്‍ ആഗ്രഹിക്കുന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ ഇനിയും തുടരണമെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി എം എസ് ശ്യാംകുമാര്‍ പറഞ്ഞു. പ്രതിപക്ഷമായ എല്‍ഡിഎഫ് നനഞ്ഞ പടക്കമാണ്. സമരം പ്രഖ്യാപിച്ച ശേഷം പിറ്റേന്ന് പിന്‍വലിക്കുന്നതാണ് അവരുടെ രീതി. അഴിമതിയുടെ കാര്യത്തില്‍ ഇരുമുന്നണികളും തമ്മില്‍ നല്ല സഹവര്‍ത്തിത്വമാണ്. കശുവണ്ടി കോര്‍പറേഷന്‍ അടക്കം വ്യവസായങ്ങള്‍ തകര്‍ന്നതിന് പിന്നില്‍ ഇരുമുന്നണികള്‍ക്കും തുല്യപങ്കാളിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it