palakkad local

കുണ്ടറച്ചോലയില്‍ പുതിയ പാലം നിര്‍മിക്കാന്‍ ഭരണാനുമതി

നെന്മാറ: നെല്ലിയാമ്പതി ചുരം പാതയില്‍ ഉരുള്‍പൊട്ടി തകര്‍ന്ന കുണ്ടറച്ചോല കലുങ്കിനു പകരം പുതിയ പാലം നിര്‍മിക്കാന്‍ ഭരണാനുമതിയായി. ഒന്നരക്കോടി രൂപ ചെലവിലാണ് പുതിയ പാലം നിര്‍മിക്കുന്നത്.
ആഗസ്ത് 16നാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കുണ്ടറച്ചോല കലുങ്ക് പൂര്‍ണമായും ഒലിച്ചുപോയി നെല്ലിയാമ്പതിയിലേക്കുള്ള ഗതാഗതം പൂര്‍ണമായും മുടങ്ങിയിരുന്നു.
ഇതേ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കുഴലുകള്‍ സ്ഥാപിച്ച് മണല്‍ച്ചാക്കുകള്‍ അടുക്കി താല്‍ക്കാലിക പാലം നിര്‍മിച്ചിരുന്നു. ഇതിലൂടെയാണ് ചെറു വാഹനങ്ങള്‍ നെല്ലിയാമ്പതിയിലേക്ക് കടന്നുപോകുന്നത്. ഈ ഭാഗത്ത് ഉരുള്‍പൊട്ടി നാനൂറ് മീറ്റര്‍ ദൂരമാണ് ശക്തമായ വെളളപ്പാച്ചിലില്‍ പാറക്കഷ്ണങ്ങളും മരങ്ങളും ഒലിച്ചിറങ്ങിയത്. മലയിലുള്ള മണ്ണ് കുത്തിയൊലിച്ച് പോത്തുണ്ടി ഡാമിലേക്ക് എത്തുകയും ചെയ്തു.
ഇപ്പോള്‍ നിര്‍മിച്ച താല്‍ക്കാലിക പാലത്തിന് മുകള്‍ ഭാഗത്തായാണ് പുതിയ പാലം നിര്‍മിക്കുക. 10 മീറ്റര്‍ നീളത്തിലും, വീതിയിലുമുള്ള ഒറ്റ സ്പാനായിട്ടാണ് പാലത്തിന്റെ നിര്‍മാണം നടക്കുക.
സാങ്കേതികാനുമതി ലഭിക്കുന്നതോടെ കരാര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഈ മാസം അവസാനത്തോടെ പാലം നിര്‍മാണം ആരംഭിക്കുമെന്ന് അസി.എക്‌സി.എന്‍ജീനിയര്‍ ജയരാജ് പറഞ്ഞു.



Next Story

RELATED STORIES

Share it