ernakulam local

കുണ്ടന്നൂര്‍-തേവര മേല്‍പാലം; യാത്രാക്ലേശവും, അപകടവും: നെട്ടൂര്‍ നിവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

മരട്: കുണ്ടന്നൂര്‍-തേവര മേല്‍പാലത്തിലെ യാത്രാക്ലേശവും, അപകടങ്ങള്‍ക്കും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നെട്ടൂര്‍ നിവാസികള്‍ സമരത്തിനൊരുങ്ങുന്നു. പാലത്തിലൂടെയുള്ള വാഹനങ്ങള്‍ക്കിടയിലൂടെ കാല്‍നടയാത്രക്കാര്‍ റോഡു മുറിച്ചുകടക്കുമ്പോള്‍ അപകടത്തില്‍ പെടുന്നത് പതിവായിരിക്കുന്നു. ദിവസവും ആയിരത്തിലധികം വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരാണ് ഈ ദുഷ്‌ക്കരമായ മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നത്. സ്ത്രീകളും, കുട്ടികളും, വൃദ്ധരും റോഡ് മുറിച്ചുകടക്കുന്നത് ജീവന്‍ പണയപ്പെടുത്തിയാണ്.
ഇതിനു ശാശ്വത പരിഹാരം പാലത്തിന്റെ മറുഭാഗത്ത് ഇപ്പോഴുള്ള സ്‌റ്റെപ്പുകള്‍ക്ക് സമാന്തരമായി പുതിയ സ്‌റ്റെപ്പുകള്‍ സ്ഥാപിക്കുക മാത്രമാണ്. ഇവിടെ റോഡു മുറിച്ചുകടക്കുന്നതിന് സിഗ്‌നല്‍ ബോര്‍ഡുകളും, സീബ്രാ ലൈനുകളും, ഹോം ഗാര്‍ഡുകളുടെ സേവനങ്ങളും അടിയന്തരമായി നടപ്പാക്കേണ്ടതുണ്ട്.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നെട്ടൂര്‍ നിവാസികള്‍ സമരത്തിനൊരുങ്ങുകയാണ്. എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആവണി പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിലാണ് സമര പരിപാടികള്‍ ആവിഷ്‌ക്കരിക്കുന്നത്. ഇതിനു മുന്നോടിയായി ബന്ധപ്പെട്ട അധികാരികള്‍ക്കു പരാതി നല്‍കുന്നതിന് നാട്ടുകാരുടെ ഒപ്പുശേഖരണം ആരംഭിച്ചിരിക്കുകയാണെന്ന് സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it