kasaragod local

കുഡ്‌ലു ബാങ്ക് കവര്‍ച്ചക്കേസ്; ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം; ജോമോന്‍ എത്തിപ്പെട്ടത് മോഷണസംഘത്തില്‍

എ പി വിനോദ്

കാസര്‍കോട്: ബിസിനസ് അഡിമിസ്‌ട്രേഷനില്‍ (ബിബിഎ) ബിരുദം. തന്റെ യഥാര്‍ഥ പേര് ഉറ്റ സുഹൃത്തുക്കളോടുപോലും മറച്ചുവയ്ക്കല്‍. വളരെ ബുദ്ധിപൂര്‍വമായിരുന്നു കുഡ്‌ലു ബാങ്ക് കവര്‍ച്ചയുടെ മാസ്റ്റര്‍ ബ്രെയിനായ ജോമോന്‍ എന്ന ഫെനിക്‌സ് നെറ്റോയുടെ നീക്കങ്ങള്‍. കവര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ കല്ലങ്കൈ സ്വദേശി ശരീഫ് ആണെങ്കിലും പദ്ധതി തയ്യാറാക്കിയത് ജോമോനായിരുന്നു.
കൃത്യത്തിനുശേഷം തെളിവൊന്നും അവശേഷിപ്പിക്കാതെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും ജോമോന്‍ മാസങ്ങള്‍ക്ക് മുമ്പേ പദ്ധതി ആസൂത്രണം ചെയ്തിരുന്നു. കവര്‍ച്ചയ്ക്ക് മുമ്പും പിമ്പും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദേശം ജോമോന്‍ സംഘാംഗങ്ങള്‍ക്ക് നല്‍കി. കവര്‍ച്ചയ്ക്ക് സമയം തിരഞ്ഞെടുത്തതും മേല്‍നോട്ടം വഹിച്ചതും ഇയാള്‍ തന്നെ. കാസര്‍കോട്ടെ മോഷ്ടാക്കളെ കേന്ദ്രീകരിച്ച് ആദ്യഘട്ടത്തില്‍ അന്വേഷണം നടക്കുമ്പോള്‍ ജോമോനെക്കുറിച്ച് യാതൊരു സൂചനയും പോലിസിന് ലഭിച്ചിരുന്നില്ല. ശരീഫിനെ അറസ്റ്റ് ചെയ്തപ്പോള്‍ മാത്രമാണ് ഇതിനു മാറ്റംവന്നത്. മംഗളൂരുവിലെ ബിബിഎ പഠനകാലത്ത് ലഹരിമരുന്ന് ഉപയോഗിക്കാ ന്‍ തുടങ്ങിയതോടെ കവര്‍ച്ചാസംഘവുമായി ബന്ധത്തിലായി.
എറണാകുളം സ്വദേശിയായ ജോമോന്‍ ഏറെനാളായി മംഗളൂരുവിലും കാസര്‍കോട്ടുമായിരുന്നു താമസം. ബന്ദറിലും കാസര്‍കോട്ടും മോഷണക്കേസ് പ്രതികളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ സുഹൃത്തുക്കളോടുപോലും യഥാര്‍ഥ പേര് പറഞ്ഞിരുന്നില്ല. ഇത് അന്വേഷണസംഘത്തെ ഏറെ വലച്ചു. എറണാകുളം സ്വദേശിയാണെന്ന് വിവരമറിഞ്ഞതിനെ തുടര്‍ന്ന് പോലിസ് വോട്ടര്‍പ്പട്ടിക ഉപയോഗിച്ച് ജോമോന്‍ എന്നു പേരുള്ള 113 പേരുടെ വിവരം ശേഖരിക്കുകയും 1200ഓളം ഫോണ്‍ കോളുകളും പരിശോധിക്കുകയും ചെയ്തിട്ടും യാതൊരു വിവരവും ലഭിച്ചില്ല.
ആംപ്യൂള്‍ വില്‍പ്പന ചെയ്ത സംഭവത്തില്‍ എറണാകുളത്ത് ഒരു കേസും ഇടുക്കി കട്ടപ്പനയില്‍ ഒരു മാനഭംഗക്കേസും എറണാകുളത്ത് തന്നെ ഒരു കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ ആക്രമിച്ച സംഭവത്തിലും ജോമോന്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it