kasaragod local

കുഡ്‌ലുബാങ്ക് കവര്‍ച്ച: വീണ്ടെടുത്ത നാലു ലക്ഷം ധൂര്‍ത്തടിച്ചത് വിവാദത്തില്‍

കാസര്‍കോട്: കൂഡ്‌ലു സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട് വീണ്ടെടുത്ത നാല് ലക്ഷം രൂപ ധൂര്‍ത്തടിച്ചത് വിവാദമാകുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് കൂഡ്‌ലു ബാങ്കില്‍ നിന്ന് 21 കിലോ സ്വര്‍ണവും 11 ലക്ഷം രൂപയും കവര്‍ന്നതായി അധികൃതര്‍ പരാതി നല്‍കിയത്. പിന്നീട് പോലിസ് നടത്തിയ അന്വേഷണത്തില്‍ നാല് കിലോ സ്വര്‍ണവും നാല് ലക്ഷം രൂപയും ബാങ്കില്‍ നിന്ന് തന്നെ കണ്ടെടുത്തിരുന്നു. ശേഷിക്കുന്ന 17 കിലോ സ്വര്‍ണ്ണവും ഏഴ് ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടിരുന്നത്. ഇതില്‍ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്യുകയും വിവിധ സ്ഥലങ്ങളില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെടുക്കുകയും ചെയ്തിരുന്നു. 72 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഇനിയും വീണ്ടെടുക്കാനുണ്ട്. ബാങ്കില്‍ നിന്ന് കണ്ടെത്തിയ നാല് ലക്ഷം രൂപ ഉപയോഗിച്ച് പോലിസ് സംഘം കേസന്വേഷിക്കാന്‍ കര്‍ണാടക, തമിഴ്‌നാട്, ഗോവ, കേരളം എന്നിവിടങ്ങളില്‍ സഞ്ചരിച്ചതിനും വിദ്യാനഗര്‍ സിഐ ഓഫിസിന്റെ നവീകരണത്തിനും ഉപയോഗിച്ചതാണ് വിവാദമായിട്ടുള്ളത്.
വിദ്യാനഗര്‍ സിഐ ഓഫിസിന്റെ നവീകരണത്തിന് സ്‌പോണ്‍സറെ കിട്ടാത്തതിനെ തുടര്‍ന്ന് ബാങ്കില്‍ നിന്ന് വീണ്ടെടുത്ത പണത്തില്‍ നിന്ന് ഒരു ഭാഗം ചെലവഴിക്കുകയും സിഐ ഓഫിസ് പരിസരത്ത് ചെടികള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തായി ഒരു വിഭാഗം പോലിസുകാര്‍ ആരോപിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇത് വിമര്‍ശനത്തിനിടയാക്കി. നാട്ടുകാരുടെ പണം ഉപയോഗിച്ച് സിഐ ഓഫിസിന്റെ നവീകരണം നടത്തിയതും ഈ പണം ഉപയോഗിച്ച് പ്രതികളെ പിടിക്കാനെന്ന പേരില്‍ നാട് ചുറ്റിയതും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്. പത്ത് വര്‍ഷം മുമ്പ് ഇതേ ബാങ്കില്‍ കവര്‍ച്ച നടന്നിരുന്നു.
അന്ന് എട്ടര കിലോ സ്വര്‍ണമായിരുന്നു നഷ്ടപ്പെട്ടിരുന്നത്. ഇതില്‍ ആറര കിലോ മാത്രമാണ് വീണ്ടെടുത്തിരുന്നത്. ബാങ്കില്‍ പണയംവച്ച ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും സ്വര്‍ണ്ണം തിരിച്ചുനല്‍കിയിട്ടില്ല. ഇതിനിടയിലാണ് വീണ്ടും വിവാദമുയര്‍ന്നത്.
Next Story

RELATED STORIES

Share it