thrissur local

കുട്ടിയുമായി കാര്‍ തട്ടിയെടുത്ത സംഭവം; അന്വേഷണം പുരോഗമിക്കുന്നു

തൃശൂര്‍: പേരമംഗലത്ത് പിതാവിനെ ആക്രമിച്ച് കുട്ടിയുമായി കാര്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. കാറുടമ എടക്കഴിയൂര്‍ സ്വദേശി അയ്യമ്പുള്ളി വീട്ടില്‍ സലീമില്‍നിന്നു പോലിസ് ഇന്നലെ വീണ്ടും മൊഴിയെടുത്തു. കറുത്ത് തടിച്ച് ഉയരം കുറഞ്ഞ ഒരു വ്യക്തിയുള്‍പ്പെടെ നാലുപേര്‍ സംഘത്തിലുണ്ടായിരുന്നതായി സലിം പോലിസിന് മൊഴിനല്‍കി. വസ്ത്രവ്യാപാരിയായ സലിമുമായി ബന്ധമുള്ളവരെയും സാമ്പത്തിക ഇടപാടുകള്‍ നടത്തിവരുന്നവരെയും സംബന്ധിച്ച് പോലിസ് വിവരം ശേഖരിച്ചുവരുന്നു.
കുട്ടിയെ തട്ടിക്കൊണ്ട് പോകലല്ല സംഘത്തിന്റെ ലക്ഷ്യമെന്ന് പോലിസ് സ്ഥിരീകരിച്ചു. കാര്‍ തട്ടിയെടുക്കുക തന്നെയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണ് പോലിസ് നിഗമനം. സലിമിനെ സംഘം യാത്രയുടെ പ്രാരംഭഘട്ടത്തില്‍തന്നെ പിന്തുടര്‍ന്നിരുന്നതായാണ് സംശയം. സംഭവത്തിന് പിന്നില്‍ ക്രിത്യമായ ആസൂത്രണം ഉണ്ടായിരുന്നതായാണ് പോലിസ് പറയുന്നത്. പേരമംഗലം മനപ്പടിയില്‍വച്ചാണ് സലിം സഞ്ചരിച്ചിരുന്ന സിഫ്റ്റ് ഡിസൈര്‍ കാര്‍ നാലംഗസംഘം തട്ടിയെടുത്തത്.
കാറില്‍ സലിമിന്റെ നാലുവയസ്സുള്ള മകള്‍ സ്വേതയും ഉണ്ടായിരുന്നു. കുട്ടിയെ പിന്നീട് പത്തുകിലോമീറ്റര്‍ മാറി ലാലൂര്‍ ശ്മഷാനത്തിന് സമീപം ഇറക്കിവിടുകയായിരുന്നു. ഭയന്നു നിലവിളിച്ച കുട്ടിയെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് രക്ഷപ്പെടുത്തിയത്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഭാര്യയെ റെയില്‍വേ സ്‌റ്റേഷനില്‍നിന്നു കുട്ടിക്കൊണ്ടുവരുന്നതിനായി തൃശൂരിലേക്ക് എത്തുന്നതിനിടെയാണ് സംഭവം. പേരമംഗലം സിഐ പി സി ബിജുകുമാറിനാണ് അന്വേഷണച്ചുമതല.
Next Story

RELATED STORIES

Share it