കുട്ടിമാക്കൂല്‍ സംഭവം: സിപിഎം നേതാക്കള്‍ക്കെതിരേ കേസെടുത്തേക്കും

തലശ്ശേരി: കുട്ടിമാക്കൂലിലെ ദലിത് കുടുംബമായ നടമ്മല്‍ രാജനെയും മക്കളെയും അവഹേളിക്കുന്ന രീതിയില്‍ ചാനല്‍ചര്‍ച്ചയില്‍ സംസാരിച്ചതിന് സിപിഎം നേതാക്കള്‍ക്കെതിരേ പോലിസ് കേസെടുത്തേക്കും. ഞായറാഴ്ച രാത്രി തലശ്ശേരിയിലെത്തിയ എഡിജിപി സുധേഷ്‌കുമാര്‍ രാജനില്‍ നിന്നും മക്കളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ചാനല്‍ ചര്‍ച്ചയ്ക്കിടെ മകളെ അപമാനിച്ച തലശ്ശേരി എംഎല്‍എ അഡ്വ. എ എന്‍ ശംസീര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ എന്നിവര്‍ക്കെതിരേ കേസെടുക്കണമെന്ന് രാജന്‍ എഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് എഡിജിപിയുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ വനിതാ സെല്‍ സിഐ കമലാക്ഷി ഇന്നലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തി ആത്മഹത്യാ ശ്രമത്തെതുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന അഞ്ജനയില്‍ നിന്നു മൊഴിയെടുത്തു. വനിതാ സിഐ ഇതു സംബന്ധിച്ച റിപോര്‍ട്ട് തലശ്ശേരി സിഐക്കു കൈമാറിയിട്ടുണ്ട്. റിപോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍നടപടികളുണ്ടാവുമെന്നാണു വിവരം.
തലശ്ശേരിയിലെത്തിയ എഡിജിപി സുധേഷ്‌കുമാര്‍ ഡിവൈഎസ്പി ഓഫിസി ല്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. കണ്ണൂര്‍ ഐജി ജിനേന്ദ്ര കശ്യപ്, എസ് പി സഞ്ജയ്കുമാര്‍ ഗുരുദിന്‍, ഡിവൈഎസ്പി സാജു പോള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it