കുട്ടിക്ക് ചികില്‍സ നിഷേധിച്ച സംഭവം: കരള്‍മാറ്റ ശസ്ത്രക്രിയക്ക് നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ദമ്പതികള്‍ വേര്‍പിരിഞ്ഞ് ജീവിക്കുന്നതിനാല്‍ ചികില്‍സ നിഷേധിച്ച ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന്റെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് വേണ്ടി കരള്‍ദാതാവിനെ ഉടന്‍ കണ്ടെത്താന്‍ ശ്രമിക്കണമെന്ന് ഹൈക്കോടതി. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ച സാഹചര്യത്തില്‍ കുട്ടിയെ മാതാവിനൊപ്പം വിടാന്‍ കോടതി നിര്‍ദേശിച്ചു.
ഭാര്യയും ഭാര്യാപിതാവും ചേര്‍ന്ന് കുഞ്ഞിന് ചികില്‍സ നിഷേധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം ചൊവ്വര സ്വദേശിയായ ബഷീര്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. തന്നോടുള്ള പിണക്കംമൂലം ഭാര്യയും ഭാര്യാപിതാവും കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് ഹാജരാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ബഷീര്‍ ഹരജി നല്‍കിയത്. രോഗം മൂര്‍ച്ഛിച്ച് ജീവന്‍പോലും അപകടാവസ്ഥയിലായ കുഞ്ഞിനെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും അടിയന്തര നടപടികള്‍ തുടരാനും കേസ് പരിഗണിച്ച കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇന്നലെ കേസ് പരിഗണിക്കവെയാണ് കുഞ്ഞിന്റെ നില ഇപ്പോള്‍ തൃപ്തികരമാണെന്നും കരള്‍ ദാതാവിനെ കണ്ടെത്തുന്നതുവരെ ഇടയ്ക്കിടെ ആശുപത്രിയിലെത്തിച്ച് ആരോഗ്യസ്ഥിതി പരിശോധിക്കാമെന്ന വ്യവസ്ഥയില്‍ ആശുപത്രിയില്‍ നിന്ന് വിട്ടയക്കാമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചത്.
Next Story

RELATED STORIES

Share it