കുട്ടിക്കുറ്റവാളിയുടെ മോചനം നീട്ടാനാവില്ലെന്നു സുപ്രിംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗ കേസില്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ കുട്ടിക്കുറ്റവാളിയെ ഇനിയും തടവില്‍ പാര്‍പ്പിക്കാനാവില്ലെന്നു സുപ്രിംകോടതി. പരാതിക്കാരുടെ വികാരം മനസ്സിലാക്കുന്നുവെന്നും എന്നാല്‍ കോടതിക്കു പ്രാബല്യത്തിലുള്ള നിയമമനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കാനാവൂ എന്നും ജസ്റ്റിസ് ആദര്‍ശ് കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
നിയമനിര്‍മാണത്തിന്റെ പിന്തുണയില്ലാതെ പ്രതിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തില്‍ നിയമത്തെ വ്യാഖ്യാനിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നാണ് കോടതി പറഞ്ഞത്. ഡല്‍ഹി സംസ്ഥാന വനിതാ കമ്മീഷന്‍ സമര്‍പ്പിച്ച സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്റെ മേലാണ് കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്. ഡല്‍ഹി ഹൈക്കോടതിയും ഇയാളുടെ മോചനത്തില്‍ ഇടപെടാനാവില്ലെന്നു വ്യക്തമാക്കിയിരുന്നു.
മോചനത്തിനു മുമ്പ് പ്രതിയുടെ മാനസികാവസ്ഥ എങ്ങനെയാണ് എന്നറിയാന്‍ യാതൊരു പരിശോധനയും നടത്തിയിട്ടില്ലെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. കൂടാതെ, പ്രതി ജയില്‍വാസത്തിനിടെ മതമൗലികവാദി ആയിട്ടുണ്ടെന്നുള്ള ഇന്റലിജന്‍സ് റിപോര്‍ട്ടുകളും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രതി സമൂഹത്തിനു വെല്ലുവിളിയാവില്ലെന്നു പറയാനാവില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, നിയമപ്രകാരമുള്ള പ്രതിയുടെ മോചനത്തില്‍ ഇടപെടാതിരിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. പ്രതിയുടെ മാനസിക പരിവര്‍ത്തനത്തിന് ഇനിയും ഏഴോ പത്തോ വര്‍ഷം വേണ്ടിവരുമെങ്കില്‍ അതുവരെ നിയമത്തിന്റെ പിന്തുണയില്ലാതെ മോചന കാലാവധി നീട്ടുകയാണോ ചെയ്യുക എന്നു കോടതി ചോദിച്ചു.
വിധിയില്‍ ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നിരാശ പ്രകടിപ്പിച്ചു. വിധി പ്രതീക്ഷിച്ചതാണെന്നും ഹരജി തള്ളിയത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it