കുട്ടികള്‍ വന്ന് വാതിലില്‍ മുട്ടിയാല്‍

കണ്ണേറ്  - കണ്ണന്‍
പണ്ട്, ഒരാള്‍ അച്ഛനെയും അമ്മയെയും വെട്ടിക്കൊന്നു. കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി, അയാളോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചു. അപ്പോള്‍ അയാളുടെ മറുപടി ഇങ്ങനെയായിരുന്നു: അച്ഛനും അമ്മയുമില്ലാത്ത പാവമാണേ, കരുണ കാണിക്കണം. കരുണയുമായി ബന്ധപ്പെട്ട ഈ കഥ കണ്ണന്‍ ഓര്‍ത്തത് കരുണ മെഡിക്കല്‍ കോളജിലെയും കണ്ണൂര്‍ മെഡിക്കല്‍ കോളജിലെയും എംബിബിഎസ് വിദ്യാര്‍ഥികളോട് കരുണ കാട്ടണം, അവര്‍ പാവങ്ങളാണേ എന്ന് കേരളത്തിലെ എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ചുചേര്‍ന്ന് ലോകത്തോട് കരഞ്ഞുപറയുന്നത് കണ്ടപ്പോഴാണ്. അവര്‍ക്കു വേണ്ടി ഓര്‍ഡിനന്‍സ് ഇറക്കുന്നു, ബില്ലുണ്ടാക്കുന്നു; വാദിക്കുന്നു. പാവപ്പെട്ട കുട്ടികളല്ലേ, റാങ്ക് ലിസ്റ്റില്‍ മൂന്നും നാലും ലക്ഷത്തിന് മുകളിലാണെങ്കിലും ചട്ടവിരുദ്ധമായാണ് മെഡിക്കല്‍ പ്രവേശനം നേടിയതെങ്കിലും കാശ് വാരിയെറിഞ്ഞാണ് പഠിപ്പ് നടത്തിപ്പോരുന്നതെങ്കിലും ഈ എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെ പെരുവഴിയിലേക്ക് തള്ളിവിടാമോ എന്നാണ് എല്‍ഡിഎഫ് ചോദിക്കുന്നത്, യുഡിഎഫ് ചോദിക്കുന്നത്, എസ്എഫ്‌ഐ ചോദിക്കുന്നത്; സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരേ സമരത്തിന് ആളെയിറക്കി അഞ്ചാറുപേരെ കൂത്തുപറമ്പില്‍ കൊലയ്ക്കു കൊടുത്ത ഡിവൈഎഫ്‌ഐ ചോദിക്കുന്നത്! ഈ കുട്ടികളെന്തു പിഴച്ചു? അവര്‍ വാതിലില്‍ മുട്ടിമുട്ടിത്തളര്‍ന്നപ്പോള്‍ ദയ വിചാരിച്ച് സാക്ഷ നീക്കിക്കൊടുക്കുന്നതില്‍ എന്തു തെറ്റ്, എന്തു കുറ്റം?
തികച്ചും ന്യായമായ ചോദ്യമാണിത്. കാരുണ്യത്തിന്റെ മൂര്‍ത്തിമദ്ഭാവമായ ഒരു മുന്നണിയാണ് കേരളം ഭരിക്കുന്നത്. കാരുണ്യത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ലാത്ത പ്രതിപക്ഷമാണ് നാട്ടിലുള്ളത്. ഇങ്ങനെയുള്ള ഒരു ആദര്‍ശസമൂഹത്തില്‍ ജീവിക്കുന്നതു തന്നെ പരമഭാഗ്യമാണല്ലോ. കരുണാമയരായ ഈ രാഷ്ട്രീയക്കാര്‍ അടിയന്തരമായും ചെയ്യേണ്ടത് കുട്ടികളുടെ ഭാവിയെക്കരുതി രൂപപ്പെട്ട തങ്ങളുടെ കാരുണ്യവും ദയാദാക്ഷിണ്യവും മറ്റു മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കുകയാണ്. മെഡിക്കല്‍ കോളജിന്റെ പടിപോലും കയറാത്ത ചിലര്‍ സ്‌റ്റെതസ്‌കോപ്പും ഇഞ്ചക്ഷന്‍ സിറിഞ്ചും വ്യാജ ഡിഗ്രിയും മറ്റുമായി പല വേഷങ്ങളിലും ഡോക്ടര്‍മാരായി വിലസുന്നുണ്ടല്ലോ നാട്ടില്‍. മന്ത്രവാദവും പ്രവാചക വൈദ്യവും ജ്യോതിഷവും ഉറുക്കും ഏലസ്സുമൊക്കെ പ്രയോഗിച്ച് രോഗം മാറ്റുന്നവരുണ്ട്. ഒരു യോഗ്യതയുമില്ലെങ്കിലും ചങ്കൂറ്റം കൊണ്ട് മാത്രം ചികില്‍സ നടത്തുന്നവരുമുണ്ട്. ഇവരുടെയും ഇവരുടെ കുട്ടികളുടെയും ഭാവി കണക്കിലെടുത്ത് അവരോടും കാണിക്കണം അല്‍പം കാരുണ്യം. അവര്‍ പണി ചെയ്തു തുടങ്ങിയില്ലേ, ജീവിച്ചുപൊയ്‌ക്കോട്ടെ.
വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി സര്‍ക്കാര്‍ ജോലി തരപ്പെടുത്തിയവരുണ്ട് നമുക്കിടയില്‍. ഇവരെ എണ്ണിത്തിട്ടപ്പെടുത്താന്‍ തുടങ്ങിയാല്‍ ഏഴാംതരം പാസായി എന്നു രേഖയുണ്ടാക്കി സര്‍വീസില്‍ കയറിക്കൂടിയവര്‍ തൊട്ട് കോപ്പിയടിച്ച് നേടിയതും സ്വയം ഉണ്ടാക്കിയെടുത്തതുമായ പിഎച്ച്ഡി ബിരുദം കാണിച്ച് വൈസ് ചാന്‍സലര്‍മാരായവരെ വരെ കാണാവുന്നതാണ്. ഇവരുടെയെല്ലാം ഭാവി കണക്കാക്കി ഒരു പൊതുമാപ്പങ്ങ് കൊടുക്കാം. അവരുടെ കുട്ടികളുടെ ഭാവിയും കണക്കിലെടുക്കേണ്ടതല്ലേ. അതല്ലേ യഥാര്‍ഥ കാരുണ്യം?
പരീക്ഷയില്‍ കോപ്പിയടിക്കുന്നവര്‍, കോപ്പിയടിച്ച് പരീക്ഷയെഴുതിയിട്ടും തോറ്റുപോവുന്നവര്‍, ക്ലാസില്‍ വരാത്തവര്‍, വന്നാലും പരീക്ഷയില്‍ തോറ്റുപോവുന്നവര്‍- ഇങ്ങനെ എത്രപേരുണ്ട് വിദ്യാലയങ്ങളില്‍! ഇവരെല്ലാം ഒരുപാട് പണം ചെലവാക്കുകയും കുറേയേറെ വര്‍ഷക്കാലം കഷ്ടപ്പെടുകയും ചെയ്തവരാണ്. ഇത്തരം കുട്ടികളുടെ ഭാവിയും നാം കണക്കിലെടുക്കേണ്ടതല്ലേ. അവരെ മുഴുവനും ജയിച്ചവരായി കണക്കാക്കാവുന്നതാണ് എന്നു വ്യവസ്ഥ ചെയ്യുന്ന ഒരു ബില്ല് തീര്‍ച്ചയായും നിയമസഭയില്‍ കൊണ്ടുവരാവുന്നതാണ്. ഭരണകക്ഷി-പ്രതിപക്ഷാംഗങ്ങള്‍ ഒന്നിച്ചു കൈപൊക്കിക്കൊള്ളും. നമ്മുടെ കാരുണ്യം ലോകത്തുടനീളം പുകള്‍പെറ്റുനില്‍ക്കും. ഇത്രയും മഹത്തായ ഒരു നാട് വേറെയുണ്ടോ എന്ന് ലോകം അദ്ഭുതം കൂറും; നമ്മുടെ അന്തരംഗം അഭിമാനപൂരിതമാവും.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കുട്ടികളുടെ ഭാവിയോര്‍ത്തുള്ള ഉല്‍ക്കണ്ഠ വിദ്യാഭ്യാസരംഗത്തു നിന്ന് ഇതരമേഖലകളിലേക്കു കൂടി വ്യാപിപ്പിക്കാവുന്നതാണ്. നികുതിവെട്ടിപ്പ് നടത്തി ബിസിനസ് ചെയ്യുന്നവരുണ്ട്, കാടു കൈയേറി ഭൂമി സ്വന്തമാക്കുന്നവര്‍ വേറെ, കള്ളനോട്ടടിച്ച് കാശുണ്ടാക്കുന്നവര്‍ മറ്റൊരു കൂട്ടം, കഞ്ചാവ് വിറ്റ് ജീവിക്കുന്നവര്‍ നിരവധി. ഇങ്ങനെ പലതരത്തില്‍ നിയമം ലംഘിക്കുന്നവര്‍ നാട്ടില്‍ ഒരുപടി. അവര്‍ക്കുമില്ലേ കുട്ടികള്‍, അവരുടെ ഭാവിയും നാം കണക്കിലെടുക്കേണ്ടതല്ലേ; അവരും പാര്‍ട്ടിയാപ്പീസുകളുടെ വാതിലില്‍ നിരന്തരം മുട്ടിക്കൊണ്ടിരിക്കുന്നില്ലേ? നിയമലംഘനം നടത്തുന്ന ഇക്കൂട്ടര്‍ക്കും നാമങ്ങു മാപ്പ് നല്‍കിയാലോ. അവരുടെ ഭാവി കണക്കിലെടുത്ത് അങ്ങനെയൊരു തീരുമാനമെടുത്താല്‍ കേരളത്തിന്റെ കീര്‍ത്തി മേല്‍ക്കുമേല്‍ ഉയരുമെന്ന് തീര്‍ച്ചയാണ്. അതിനാല്‍ കണ്ണൂര്‍-കാരുണ്യ മോഡല്‍ എല്ലാ ക്രമവിരുദ്ധ ഇടപാടുകളിലും പ്രയോഗിച്ചുനോക്കാം നമുക്ക്. അതോടെ, കേരളം കാരുണ്യത്തിന്റെ സ്വന്തം നാടായി മാറുമെന്ന കാര്യത്തില്‍ കണ്ണന് യാതൊരു സംശയവുമില്ല.
പക്ഷേ, എല്ലാം തകര്‍ത്തുകളഞ്ഞു ആ സുപ്രിംകോടതി! വെറുതെയല്ല ബൂര്‍ഷ്വാ കോടതിയെന്ന് ഞങ്ങള്‍, വിപ്ലവപ്രസ്ഥാനങ്ങള്‍ പറയുന്നത്. ജനങ്ങളുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കാനും അവരുടെ ഭാവി ശോഭനമാക്കാനും കാശ് കല്ലിലടിച്ചുപോവാതിരിക്കാനും ഒരു ജനകീയ ഭരണകൂടം രണ്ടുംകല്‍പിച്ച് പൊരുതുകയും ഉത്തരവാദിത്തബോധമുള്ള പ്രതിപക്ഷം അതിന് എല്ലാവിധ പിന്തുണ നല്‍കുകയും ചെയ്യുമ്പോള്‍ ഇടങ്കോലിടുന്ന കോടതിയെ പിന്നെയെങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്! തുലഞ്ഞുപോയല്ലോ ഈ കുട്ടികളുടെ ഭാവി, രണ്ടു മുന്നണികളുടെയും ഭാവി; മലയാളികളുടെ മൊത്തം ഭാവി!

*****
ഈ ബല്‍റാമിനെന്തു പറ്റി? ശബരീനാഥും റോജി എം ജോണും ചോദിക്കുന്നതാണ് ന്യായം. ചെറുപ്പക്കാരുടെ കാര്യത്തില്‍ പാര്‍ട്ടിക്കൊരു തിരിച്ചറിവുണ്ടായ നേരത്ത് അതിനെതിരേ ക്രമപ്രശ്‌നവുമായി വരുന്നതാണ് പ്രശ്‌നമെന്ന് 'അച്ചങ്ങായി'ക്ക് എന്താണാവോ തിരിയാത്തത്! കണ്ണൂര്‍-കരുണ കോളജിലെ വിദ്യാര്‍ഥികളുടെ കാര്യം വന്നപ്പോള്‍ ചെറുപ്പക്കാരുടെ ഭാവി എന്ന വിഷയത്തിലാണല്ലോ പാര്‍ട്ടി താല്‍പര്യം കാണിച്ചിട്ടുള്ളത്. സ്ഥാനാര്‍ഥിനിര്‍ണയം വരുമ്പോഴും സംഘടനാ സ്ഥാനങ്ങള്‍ ഓഹരിവയ്ക്കുമ്പോഴുമൊന്നും കോണ്‍ഗ്രസ്സില്‍ കീഴ്ക്കടെ ഉണ്ടാവാത്തതാണ് ചെറുപ്പക്കാരോട് ഇത്തരത്തിലുള്ള അനുകൂല മനോഭാവം. രാജ്യസഭാ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ 80 കഴിഞ്ഞ വയലാര്‍ രവിയെയും 75 പിന്നിട്ട എ കെ ആന്റണിയെയും പോലെയുള്ള ചെറുപ്പക്കാരാണ് രംഗത്തുവരുക.
ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും ഹസനെയും സുധീരനെയും പോലെയുള്ള ചെറുപ്പക്കാരെ തള്ളിമാറ്റി എവിടെയെങ്കിലുമൊരിടത്ത് ഇടംപിടിക്കാന്‍ എന്തുമാത്രം പ്രയാസമുണ്ട് പാര്‍ട്ടിയില്‍ എന്നറിയാത്ത ആളല്ലല്ലോ ബല്‍റാം. എന്നിട്ടും യുവാക്കളുടെ ഭാവിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയില്‍ പാര്‍ട്ടിയും യുഡിഎഫും പങ്കുചേര്‍ന്നപ്പോള്‍ ബല്‍റാം എതിര്‍പ്പുമായി വന്നാലോ! താനിരിക്കുന്ന കൊമ്പ് മുറിക്കുകയല്ലേ ബല്‍റാം എന്നോര്‍ത്താണ് ശബരീനാഥനും റോജിയും എതിര്‍പ്രസ്താവനയിറക്കിയത് എന്നു കണ്ണനുറപ്പാണ്. ചെറുപ്പക്കാര്‍ക്കു വേണ്ടി ഏതുകാര്യത്തിലും എവിടെയും വാദിക്കണം. കണ്ണൂര്‍-കരുണ കേസില്‍ കുട്ടികളുടെ ഭാവിയാണ് പ്രശ്‌നം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ യുവാക്കളുടെ ഭാവിയാണ് പ്രശ്‌നം. രണ്ടും രണ്ടല്ല, ഒന്നാണ്. ഇതൊന്നും തിരിയാതെ കൈയടി വാങ്ങാനിറങ്ങിയാലോ. ബല്‍റാമുമാരെന്തറിഞ്ഞു വിഭോ!
കെപിസിസി പ്രസിഡന്റ് ഹസന്‍ സാഹിബിന് ഇതൊന്നുമല്ല പ്രശ്‌നം. യുഡിഎഫ് ചെയ്തത് തെറ്റാണെന്ന് ഹസന് പൂര്‍ണ ബോധ്യമുണ്ട്. സ്വകാര്യ മാനേജ്‌മെന്റുകള്‍ കാശുണ്ടാക്കുകയാണെന്ന് മനസ്സിലാക്കിയിട്ടുമുണ്ട്. പക്ഷേ, വിദ്യാര്‍ഥികളോടുള്ള മാനുഷികത പരിഗണിച്ച് അങ്ങു കണ്ണടച്ചു; അത്രേയുള്ളൂ. അത് സ്വാഭാവികമാണെന്ന് കണ്ണനും തോന്നുന്നുണ്ട്. ഇങ്ങനെയൊരു മാനുഷിക പരിഗണന പണ്ട് കേരള സര്‍വകലാശാല കാണിച്ചതുകൊണ്ടാണല്ലോ കോപ്പിയടിച്ച് പരീക്ഷ ജയിച്ച ചിലര്‍ രക്ഷപ്പെടുകയും പില്‍ക്കാലത്ത് പാര്‍ട്ടി നേതാക്കളാവുകയും ചെയ്തത്. മറ്റാരു മറന്നാലും എം എം ഹസന്‍ അതു മറക്കില്ല. മാനുഷിക പരിഗണനയ്ക്കും മാപ്പിനും വേണ്ടി എക്കാലത്തും എവിടെയും നിലകൊള്ളാതിരിക്കുകയുമില്ല; അല്ലേ ഹസന്‍ സാഹിബ്?          ി
Next Story

RELATED STORIES

Share it