Alappuzha local

കുട്ടികള്‍ക്ക് ഹൃദ്യമായ അനുഭവമായി പ്രോഗ്രാം വിത്ത് എ ഫോറിനര്‍

പുന്നപ്ര: ഗവ. ജെബി സ്‌കൂള്‍ ഇംഗ്ലീഷ് ക്ലബ്ബിന്റെ  പ്രോഗ്രാം വിത്ത് എ ഫോറിനര്‍ എന്ന ഭാഷാ വിനിമയ പരിപാടിയില്‍ ഹോളണ്ട്  സ്വദേശിയായ ഹാന്‍സ് പങ്കെടുത്തു. വിദേശിയോടൊപ്പം സംവദിക്കാന്‍ അവസരം ലഭിച്ചത്  കുട്ടികള്‍ക്ക് ഹൃദ്യമായ അനുഭവമായി മാറി. ഒരു ദിവസം പൂര്‍ണമായി ഗവ. ജെബി സ്‌കൂളില്‍ സമയം ചെലവഴിച്ച ഹാന്‍സ് തന്റെ നാടിന്റെ  പ്രത്യേകതകള്‍,  കാലാവസ്ഥ, ഭൂപ്രകൃതി, ഭക്ഷണ ശീലങ്ങള്‍ ഇന്ത്യയുമായുള്ള  വര്‍ഷങ്ങള്‍ പഴക്കമുള്ള വാണിജ്യ ബന്ധം ഇവയെല്ലാം വിവരിച്ചു. താന്‍ ഒരു ഫുട്‌ബോള്‍ പ്രേമിയാണെന്നും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കടുത്ത ആരാധകനാണെന്നുമുള്ള വാക്കുകള്‍ കുട്ടികള്‍ കൈയടിയോടെയാണ് വരവേറ്റത്. കുട്ടികള്‍ ഹാന്‍സിനോടും നിരവധി ചോദ്യങ്ങള്‍  ചോദിച്ചു. ഇന്ത്യയെ സ്‌നേഹിക്കുന്ന ഹാന്‍സ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്ത്യയില്‍ വരുന്നുണ്ട്. കുട്ടികള്‍ സമ്മാനിച്ച പെന്‍സില്‍ ചിത്രങ്ങള്‍ തന്റെ വീട്ടിലുള്ള ഇന്ത്യയിലെ ഓര്‍മകള്‍ സൂക്ഷിക്കുന്ന വലിയ പുസ്തകത്തില്‍ സൂക്ഷിക്കും എന്ന് പറഞ്ഞപ്പോള്‍ കുഞ്ഞിക്കണ്ണുകളില്‍ സന്തോഷവും അഭിമാനവും. ഇംഗ്ലീഷ് എഴുതാനും വായിക്കാനും പഠിക്കുന്നതോടൊപ്പം സംസാരിക്കാന്‍ ശ്രമിക്കണമെന്ന് ഹാന്‍സ് ആവര്‍ത്തിച്ച് പറഞ്ഞു. അല്‍പം ശ്രദ്ധ കൊടുത്താല്‍ അവര്‍ മികച്ച രീതിയില്‍ സംസാരിക്കുമെന്നായിരുന്നു അധ്യാപകര്‍ക്കുള്ള ഉപദേശം.ഹാന്‍സിന്റെ മുന്‍പില്‍ ഇംഗ്ലീഷ് പാട്ടുകളും ആക്ഷന്‍ സോങ്ങും അവതരിപ്പിച്ചു. താന്‍ കുട്ടിക്കാലത് പഠിച്ച പാട്ടുകള്‍ ഹാന്‍സും കുട്ടികള്‍ക്കായി പാടി കൊടുത്തു.  സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എംഎം അഹമ്മദ് കബീര്‍, ഇംഗ്ലീഷ് ക്ലബ്ബ് കണ്‍വീനര്‍ ജി ഗീതു പരിപാടിയ്ക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it