കുട്ടികള്‍ക്ക് മാത്രമുള്ള സര്‍ക്കാര്‍ മേഖലയിലെ ആദ്യ കാത്ത് ലാബ്

തിരുവനന്തപുരത്ത്തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യരംഗത്ത് വലിയ കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രി. കുട്ടികള്‍ക്കു മാത്രമായുള്ള സര്‍ക്കാര്‍ മേഖലയിലെ ആദ്യ കാത്ത് ലാബിന്റെ പ്രവര്‍ത്തനം എസ്എടി ആശുപത്രിയില്‍ തുടങ്ങി. രണ്ടുദിവസംകൊണ്ട് ജനിതക ഹൃദ്രോഗമുള്ള 16 കുട്ടികള്‍ക്കാണ് കാത്ത് ലാബ് ചികില്‍സ ലഭ്യമാക്കിയത്. 10 മാസം മുതല്‍ 16 വയസ്സു വരെയുള്ള 16 കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇവിടെ ചികില്‍സ ലഭ്യമാക്കിയത്. ചികില്‍സ ലഭ്യമായ കുട്ടികള്‍ക്ക് ഒന്നോ രണ്ടോ ദിവസത്തിനകം ആശുപത്രി വിടാനാകും. മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ഇന്റര്‍വെന്‍ഷനല്‍ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍ കെ ശിവകുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്എടി ആശുപത്രി കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. എസ് ലക്ഷ്മിയാണ് കാത്ത് ലാബ് ചികില്‍സ നടത്തിയത്. കാത്ത് ലാബ് അനസ്തീസ്യ വിദഗ്ധ ഡോ. അനു, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം ഹെഡ് നഴ്‌സ് റുമൈസയുടെ നേതൃത്വത്തിലുള്ള നഴ്‌സുമാര്‍, കാത്ത് ലാബ് ടെക്‌നീഷ്യന്‍മാരായ അശ്വതി, രേവതി, മറ്റു ജീവനക്കാര്‍ എന്നിവരുടെ സംഘവും വിജയത്തിനു പിന്നിലുണ്ട്. കുട്ടികളുടെ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ഓപറേഷന്‍ കൂടാതെ ഞരമ്പ് വഴി ഉപകരണം കടത്തിവിട്ടാണ് കാത്ത് ലാബ് ചികില്‍സ നടത്തുന്നത്. ഹൃദയത്തിലെ സുഷിരങ്ങള്‍ അടയ്ക്കുക, ചുരുങ്ങിയ വാല്‍വുകള്‍ പൂര്‍വസ്ഥിതിയിലാക്കുക, നവജാതശിശുക്കളുടെ ജീവന്‍ രക്ഷിക്കാനുതകുന്ന ബലൂണ്‍ ഏട്രിയല്‍ സെപ്‌റ്റോസ്റ്റമി എന്നിവയൊക്കെ ചെയ്യാന്‍ ഈ കാത്ത് ലാബിലൂടെ കഴിയും. സങ്കീര്‍ണമായ ഹൃദയവൈകല്യമുള്ള കുട്ടികളില്‍ പകുതിയോളംപേരെ ഓപറേഷന്‍ കൂടാതെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കാത്ത് ലാബ് ചികില്‍സയിലൂടെ കഴിയുന്നു. ജനിച്ച കുഞ്ഞ് മുതല്‍ 12 വയസ്സു വരെയുള്ള കഞ്ഞുങ്ങളെയാണ് എസ്എടിയില്‍ ചികില്‍സിക്കുകയെങ്കിലും 12 വയസ്സിനു മുകളിലുള്ള കുട്ടികളുടെ ഹൃദയവൈകല്യങ്ങളും ഈ കാത്ത് ലാബിലൂടെ ചികില്‍സിക്കു—മെന്ന് പ്രിന്‍സിപ്പലും സൂപ്രണ്ടും അറിയിച്ചു.

Next Story

RELATED STORIES

Share it