Flash News

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമംകുറഞ്ഞ ശിക്ഷ 20 വര്‍ഷം കഠിന തടവ്‌

ന്യൂഡല്‍ഹി: 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ കടുത്ത ശിക്ഷ ഉറപ്പുനല്‍കുന്നതിനുള്ള നിയമ ഭേദഗതി ലോക്‌സഭയില്‍ അവതരിപ്പിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നതടക്കമുള്ള ക്രിമിനല്‍ ലോ (ഭേദഗതി ബില്ല്) 2018 ആണ് ഇന്നലെ സഭയില്‍ അവതരിപ്പിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ക്രിമിനല്‍ നടപടി ചട്ടങ്ങളിലെയും വകുപ്പുകളില്‍ മാറ്റം വരുത്തുന്ന ഭേദഗതിക്ക് നേരത്തേ ഓര്‍ഡിനന്‍സായി സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ഭേദഗതി പ്രകാരം 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനക്കേസുകളില്‍ കുറഞ്ഞ ശിക്ഷ 20 വര്‍ഷം കഠിന തടവാക്കി വ്യവസ്ഥചെയ്യും.
വധശിക്ഷയോ ജീവപര്യന്തമോ ആണ് കൂടിയ ശിക്ഷ. 16 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് 20 വര്‍ഷം തടവാണ് കുറഞ്ഞ ശിക്ഷയായി ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.
അതേസമയം, മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ല് ഇന്നലെ രാജ്യസഭ ചര്‍ച്ചചെയ്തു. ബില്ലിനു നേരത്തേ ലോക്‌സഭ അംഗീകാരം നല്‍കിയിരുന്നു. ഓല, യൂബര്‍ അടക്കമുള്ള ഓണ്‍ലൈന്‍ ടാക്‌സി അഗ്രഗേറ്റര്‍ സര്‍വീസുകളെ നിയമത്തിന്റെ പരിധിയിലുള്‍പ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ ഭേദഗതിയിലുണ്ട്.
ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാക്കള്‍ക്കായി സര്‍ക്കാര്‍ പ്രത്യേകം ലൈസന്‍സ് നല്‍കണമെന്നു നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ക്കായി പ്രത്യേക മാര്‍ഗരേഖ കേന്ദ്രം പുറത്തിറക്കണം.
മണിപ്പൂരില്‍ ദേശീയ കായിക സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നാഷനല്‍ സ്‌പോര്‍ട്‌സ് യൂനിവേഴ്‌സിറ്റി ബില്ല്, ചെറുകിട ഇടത്തരം സൂക്ഷ്മ വ്യവസായങ്ങളുടെ വികസനത്തിനായുള്ള നിയമത്തിലെ ഭേദഗതി, ഹോമിയോപതി കേന്ദ്ര കൗണ്‍സില്‍ ബില്ല് എന്നിവ ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it