കുട്ടികള്‍ക്കെതിരായ പീഡനം: പ്രത്യേക നിയമം വേണം

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ തടയുന്നതിനുള്ള ശിക്ഷ കൂടുതല്‍ കര്‍ശനമാക്കിക്കൂടേയെന്നു സുപ്രിംകോടതി. പത്തു വയസ്സിനു താഴെയുള്ളവര്‍ക്കും നവജാത ശിശുക്കള്‍ക്കും നേരെയുള്ള ലൈംഗിക വൈകൃതങ്ങള്‍ കടുത്ത ശിക്ഷ നല്‍കേണ്ട അപരാധമാണെന്നതില്‍ സംശയമില്ല. ഇത്തരം കേസുകളിലെ ശിക്ഷാരീതി തീരുമാനിക്കേണ്ടത് കോടതികളല്ലെന്നും പാര്‍ലമെന്റാണെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്തവരെ പത്തു വയസ്സിനു മുകളിലെന്നും താഴെയെന്നും ഇതാദ്യമായാണ് കോടതി വേര്‍തിരിക്കുന്നത്. നിലവില്‍ ഇത്തരം കേസുകള്‍ക്കു കര്‍ശന ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇരകളുടെ പ്രായം ഉള്‍പ്പെടെയുള്ളവ നിയമത്തില്‍ വ്യക്തമാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ കോടതി, കുറ്റക്കാര്‍ക്കു കര്‍ശനശിക്ഷ നല്‍കുന്നതിനെക്കുറിച്ചു പാര്‍ലമെന്റിന് ആലോചിച്ചുകൂടേയെന്ന് ചോദിച്ചു. വിഷയത്തില്‍ കേന്ദ്ര നിലപാട് അറിയിക്കണമെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗിക്ക് നിര്‍ദേശം നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വനിത-ശിശുക്ഷേമ മന്ത്രാലയം എന്നിവയെ കക്ഷിചേര്‍ക്കാനും നിര്‍ദേശം നല്‍കി.
കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനു കുറ്റവാളികളുടെ ലൈംഗിക ശേഷി ഇല്ലാതാക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിലെ വനിതാ അഭിഭാഷക സംഘടന നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. നിലവിലെ നിയമങ്ങള്‍ പരാജയമാണെങ്കില്‍ കുട്ടികളെ പീഡിപ്പിക്കുന്നവരുടെ ലൈംഗിക ശേഷി ഇല്ലാതാക്കാന്‍ ഉത്തരവിട്ടുകൂടേയെന്ന് ഈയിടെ മദ്രാസ് ഹൈക്കോടതി ചോദിച്ചിരുന്നു. ലൈംഗിക ശേഷി ഇല്ലാതാക്കുന്നതു മാത്രമാണ് ഇത്തരത്തിലുള്ള ക്രൂരകൃത്യങ്ങള്‍ക്കുള്ള ശിക്ഷയെന്നായിരുന്നു ഹരജിക്കാരുടെ വാദം. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം രാജ്യത്ത് ഓരോ മണിക്കൂറിലും രണ്ടു കുട്ടികള്‍ വീതം പീഡനത്തിന് ഇരയാവുന്നുണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it