wayanad local

കുട്ടികള്‍ക്കെതിരായ കേസുകളില്‍ കുറ്റക്കാര്‍ രക്ഷപ്പെടുന്നു

മാനന്തവാടി: ഒരു വര്‍ഷത്തോളമായി ജില്ലയില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പ്രവര്‍ത്തനം നാമമാത്രമായതോടെ ആദിവാസി വിഭാഗങ്ങളിലേതുള്‍പ്പെടെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതു കുറയുന്നു. പല കേസുകളും അറിയപ്പെടാതെ പോവുന്നതും ഒത്തുതീര്‍പ്പുകളിലെത്തുന്നതുമാണ് പോലിസ് കേസുകളാവാതിക്കാന്‍ കാരണം. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ജില്ലയില്‍ സജീവമായിരുന്ന കാലത്ത് പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പോലും പോലിസിനോട് അന്വേഷണം നടത്തി കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യാറുണ്ടായിരുന്നു. ആദിവാസി വിഭാഗങ്ങളിലെ കുട്ടികള്‍ക്കു വിദ്യാലയങ്ങളിലേക്ക് വാഹനമേര്‍പ്പെടുത്തുന്നതിലും അങ്കണവാടി കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നിതിലുമെല്ലാം ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്ന് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടായിരുന്നു. ആഴ്ചയില്‍ രണ്ടും മൂന്നും സിറ്റിങുകള്‍ നടത്തിയും പീഡിപ്പിക്കപ്പെടുകയും അതിക്രമത്തിനിരയാവുകയും ചെയ്യുന്ന കുട്ടികളുടെ വീടുകളിലെത്തി കൗണ്‍സലിങ് നല്‍കിയുമൊക്കെയായിരുന്നു വെല്‍ഫയര്‍ കമ്മിറ്റി കേസുകള്‍ കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍, 2017 മാര്‍ച്ചില്‍ കമ്മിറ്റി പിരിച്ചുവിട്ടതോടെ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് ചുമതല നല്‍കി. ഇപ്പോള്‍ ആഴ്ചയില്‍ ഒരു തവണ മാത്രമാണ് സിറ്റിങ്. ഇവിടെയെത്തുന്ന പരാതികള്‍ മാത്രമാണ് പരിഗണിക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ മുഴുവന്‍ സിഡബ്ല്യുസികളുടെയും കാലാവധി കഴിഞ്ഞെങ്കിലും പുതിയ കമ്മിറ്റി നിലവില്‍ വരുന്നതു വരെ സജീവമാവുകയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു ജില്ലകളിലെ പ്രവര്‍ത്തനം. കമ്മിറ്റി പുനസ്സംഘടനയ്ക്കായി സോഷ്യല്‍ ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റ് അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും നേരത്തെ അപേക്ഷിച്ചവരെ പരിഗണിക്കാത്തതിനെതിരേ ചിലര്‍ കോടതിയില്‍ പോയതാണ് മുഴുവന്‍ നടപടിക്രമങ്ങളും നിലയ്ക്കാന്‍ കാരണമായത്. ജില്ലയില്‍ കമ്മിറ്റി സജീവമായി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് പ്രതിവര്‍ഷം 400 കേസുകള്‍ വരെ കൈകാര്യം ചെയ്തിരുന്നു. എന്നാല്‍, 2017ല്‍ 103 കേസുകള്‍ മാത്രമാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ബാലവിവാഹം, പോക്‌സോ തുടങ്ങി ജില്ലയില്‍ അതിക്രമങ്ങളുടെ എണ്ണം കൂടുതലാണെങ്കിലും ഇവയില്‍ കുറ്റക്കാര്‍ നിയമത്തിനു മുന്നിലെത്താതെ രക്ഷപ്പെടുകയാണ്.
Next Story

RELATED STORIES

Share it