കുട്ടികള്‍ക്കു വേണ്ടി ആദ്യ പരാതി അദാലത്തുമായി കൊച്ചി സിറ്റി പോലിസ്‌

കൊച്ചി: ആദ്യമായി കുട്ടികള്‍ക്കു വേണ്ടി പരാതി അദാലത്ത് സംഘടിപ്പിച്ച കൊച്ചി സിറ്റി പോലിസിനു മുന്നില്‍ പരാതിയുമായി എത്തിയത് നിരവധി കുട്ടികള്‍. പോക്‌സോ കേസിലെ പ്രതി തന്നെ വീണ്ടും ഉപദ്രവിച്ചേക്കുമെന്നും അതു തടയണമെന്നും ആവശ്യപ്പെട്ട് ഒരു പെണ്‍കുട്ടി പരാതിയുമായി എത്തിയപ്പോള്‍ ലോട്ടറി വിറ്റും പഠനം നടത്തുന്ന തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നു കാണിച്ചാണ് ഒരാണ്‍കുട്ടി പോലിസിനു മുന്നില്‍ എത്തിയത്.
കടവന്ത്ര ശിശുസൗഹൃദ പോലിസ് സ്‌റ്റേഷനിലാണ് സ്‌കൂള്‍ കുട്ടികളുടെ പരാതി അദാലത്ത് സംഘടിപ്പിച്ചത്. ഒരുമാസം മുമ്പാണ് കടവന്ത്രയിലെ തമിഴ്‌നാട് സ്വദേശിയായ കുട്ടിയെ അയല്‍വാസി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതില്‍ കേസെടുത്ത് പോക്‌സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു. എന്നാല്‍, പ്രതി ജാമ്യം നേടിയെന്നും തന്നെ വീണ്ടും ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിച്ച്് പെണ്‍കുട്ടി അദാലത്തിലെത്തി പരാതി നല്‍കി. പരാതി കേട്ട കമ്മീഷണര്‍ എം പി ദിനേശ് കുട്ടിയെ ആശ്വസിപ്പിക്കുകയും ആവശ്യമായ നടപടിയെടുക്കുമെന്ന് ഉറപ്പും നല്‍കി. കാല് തളര്‍ന്ന അച്ഛന്‍ ലോട്ടറി വിറ്റ് തങ്ങളെ പഠിപ്പിക്കാന്‍ കഷ്ടപ്പെടുന്നതു കണ്ടപ്പോഴാണ് കടവന്ത്ര കോളനിയിലെ 17കാരന്‍ ലോട്ടറി വില്‍ക്കാനിറങ്ങിയത്. എന്നാല്‍, ചില കച്ചവടക്കാര്‍ തന്നെ കഞ്ചാവു വില്‍പനക്കാരനെന്നു പറഞ്ഞ് പോലിസിനെക്കൊണ്ട് പിടിപ്പിച്ചു. തെളിവില്ലാത്തതിനാല്‍ പോലിസ് വിട്ടയച്ചപ്പോള്‍ മാല മോഷ്ടിച്ചെന്ന് കള്ളക്കേസുണ്ടാക്കി കുടുക്കിയെന്നും ആണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എത്രയും വേഗം നടപടിയുണ്ടാവുമെന്ന് കമ്മീഷണര്‍ ഉറപ്പുനല്‍കി. അതിനിടയില്‍ അനുസരണക്കേട് കാണിക്കുന്ന മകനെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കാഴ്ചയില്ലാത്ത അച്ഛനും പോലിസിനു മുന്നില്‍ പരാതിയുമായെത്തി. കുട്ടിക്ക് കൗണ്‍സലിങ് നടത്തുന്നതുള്‍പ്പെടെയുള്ള നടപടിയെടുക്കാമെന്നു പറഞ്ഞാണ് പോലിസ് മകനെയും അച്ഛനെയും മടക്കി അയച്ചത്. പിതാവിന്റെ സ്വത്തില്‍ അവകാശമുന്നയിച്ച് സഹോദരിമാരായ കുട്ടികളും മൂന്നു വര്‍ഷം മുമ്പു കളവുപോയ ഒന്നരലക്ഷത്തോളം രൂപയുടെ വീട്ടുസാധനങ്ങള്‍ തിരികെ ലഭിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മയും അദാലത്തില്‍ എത്തി.
സ്‌കൂള്‍ പരിസരങ്ങളില്‍ മദ്യം, മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നതായും പെണ്‍കുട്ടികള്‍ക്കു നേരെ അതിക്രമം വര്‍ധിക്കുന്നതായും അധ്യാപകരും പരാതിപ്പെട്ടു. പരസ്യ മദ്യപാനവും ശല്യപ്പെടുത്തലും, ഇതരസംസ്ഥാന തൊഴിലാളികളുണ്ടാക്കുന്ന ഉപദ്രവങ്ങള്‍, ബസ്സുകളില്‍ ജീവനക്കാരുടെ പെരുമാറ്റം എന്നിവയും പരാതികളായി. രക്ഷിതാക്കളുടെയോ അധ്യാപകരുടെയോ സഹായമില്ലാതെയാണ് 45 പരാതികള്‍ കുട്ടികള്‍ എഴുതിനല്‍കിയത്. പരാതികളില്‍ ആവശ്യമായ നടപടിയെടുക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it