കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഗുണം ചെയ്യുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കും: അഞ്ജു ബോബി ജോര്‍ജ്

പി എന്‍ മനു

കോഴിക്കോട്: കായികരംഗത്ത് കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപര്‍ ക്കും ഒരുപോലെ ഗുണം ചെയ്യുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഒളിംപ്യനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ അഞ്ജു ബോബി ജോര്‍ജ് വ്യക്തമാക്കി.
? സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സാരഥിയായി മാറിയ നിങ്ങള്‍ എന്തൊക്കെ പുതിയ പദ്ധതികളാണ് കൊണ്ടുവരുന്നത്
നിരവധി പദ്ധതികള്‍ എന്റെ മനസ്സിലു ണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് അന്തിമ തീരുമാനമെടുത്തില്ല. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്ന പദ്ധതികള്‍ക്കാണ് മുന്‍ഗണന. മനസ്സിലുള്ള പദ്ധതികളെക്കുറിച്ച് രൂപരേഖ തയ്യാറാക്കിയ ശേഷം വിശദമായി പഠിച്ചിട്ടാവും ഉചിതമാ യത് തിരഞ്ഞെടുക്കുക. മാത്രമല്ല, ഇത് കൗ ണ്‍സിലിലെ മറ്റു അംഗങ്ങളും സര്‍ക്കാരും അംഗീകരിക്കുകയും ചെയ്യുകയും വേണം. എങ്കില്‍ മാത്രമേ ഇവ നടപ്പാക്കാനാവുകയുള്ളൂ.
? സംസ്ഥാന സ്‌കൂള്‍ കായികമേളയെ എങ്ങനെ വിലയിരുത്തുന്നു
ഓരോ കായികമേളയും കേരളത്തിനു സമ്മാനിക്കുന്നത് പുതിയ താരോദയങ്ങളെയാണ്. ഇത്തവണയും അതിനു മാറ്റമുണ്ടാവില്ല. പ്രതിഭയുള്ള നിരവധി താരങ്ങളെ ഈ മീറ്റിലും കാണാന്‍ കഴിയുന്നുണ്ട്. ഇത്തരം താരങ്ങളെ കണ്ടെത്തി പരിശീലനവും മറ്റു സൗകര്യങ്ങളും നല്‍കാനായാല്‍ കേരളത്തിനു മാത്രമല്ല ഇന്ത്യക്കും അതു ഗുണം ചെയ്യും.
? കോഴിക്കോട് മെഡിക്കല്‍ കോളജിലെ സിന്തറ്റിക്ക് ട്രാക്കിനെക്കുറിച്ച് എന്താണ് അഭിപ്രായം
മികച്ച ട്രാക്കാണിത്. കായികമേളയുടെ ആദ്യദിനം തന്നെ ആറു മീറ്റ് റെക്കോഡുകള്‍ കണ്ടു. ഇതില്‍ രണ്ടെണ്ണം ദേശീയ റെക്കോഡിനെ മറികടക്കുന്ന പ്രകടനവുമായിരുന്നു. മികച്ച നിലവാരമുള്ള ട്രാക്കായതിനാലാണ് കുട്ടികള്‍ക്ക് ഇതു സാധിക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച സിന്തറ്റിക് ട്രാക്കുകളിലൊന്നായി കോഴിക്കോട്ടുള്ള ട്രാക്കും മാറിക്കഴിഞ്ഞു.
? ഈ വര്‍ഷത്തെ ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് കേരളം വേദിയാവുമെന്ന് ഉറപ്പായിട്ടുണ്ടോ
മേളയ്ക്ക് വേദിയാവാന്‍ കേരളം സന്നദ്ധത നേരത്തേ തന്നെ അറിയിച്ചിരുന്നു. മഹാരാഷ്ട്ര പിന്മാറിയതിനാല്‍ കേരളം തന്നെയാവും മീറ്റിനു വേദിയാവുക. എന്നാല്‍ കേരളത്തില്‍ എവിടെയാവും മേള നടക്കുക എന്നതിനെക്കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. സംസ്ഥാന കായികമേള ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന കോഴിക്കോട്ടേക്ക് തന്നെ ദേശീയ മീറ്റ് വരാന്‍ സാധ്യതയുണ്ട്. എന്നാല്‍ യോഗം കൂടിയ ശേഷമായിരിക്കും ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാവുക.
Next Story

RELATED STORIES

Share it