കുട്ടികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗംസുപ്രിംകോടതി കേന്ദ്രത്തോട് വിശദീകരണം തേടി

ന്യൂഡല്‍ഹി: കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയാന്‍ എടുത്ത നടപടികളെക്കുറിച്ച് സുപ്രിംകോടതി കേന്ദ്രത്തോട് വിശദീകരണം ആവശ്യപ്പെട്ടു. 2016ല്‍ കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം തടയാന്‍ ദേശീയ കര്‍മപദ്ധതി രൂപീകരിക്കുന്നത് അടക്കമുള്ള നടപടികള്‍ കൈക്കൊള്ളാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇത് എത്രത്തോളം നടപ്പാക്കിയെന്നതിലാണ് സുപ്രിംകോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്.
2016ല്‍ ബച്പന്‍ ബചാവോ ആന്ദോളന്‍ എന്ന സര്‍ക്കാരിതര ഏജന്‍സി നല്‍കിയ പൊതുതാല്‍പര്യ ഹരജിയുടെ വിധി പ്രസ്താവനയില്‍ ആറു മാസത്തിനുള്ളില്‍ ഇതിനെതിരേയുള്ള നടപടികള്‍ കൈക്കൊള്ളാന്‍ സുപ്രിംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരേ നടപടിയെടുക്കാന്‍ ഉത്തരവിട്ടതോടൊപ്പം തന്നെ ദേശീയ സര്‍വേ വകുപ്പിനോട് സംഭവത്തില്‍ പഠനം നടത്താനും കോടതി ആവശ്യപ്പെട്ടിരുന്നു.
ആഗസ്ത് 20ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദിനോട് റിപോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it