kannur local

കുട്ടികളെ വായനലോകത്ത് എത്തിക്കാന്‍ എസ്എസ്എ പദ്ധതി



കണ്ണൂര്‍: പൊതുവിദ്യാലയങ്ങളിലെ കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പും സര്‍വശിക്ഷാ അഭിയാനും നടപ്പാക്കുന്ന നല്ലവായന, നല്ല പഠനം, നല്ല ജീവിതം പദ്ധതിയുടെ ഭാഗമായി ഉപജില്ലയിലെ 102 വിദ്യാലയങ്ങളില്‍ ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്തു. പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം പി കെ ശ്രീമതി എംപി നിര്‍വഹിച്ചു. എസ്എസ്എ കണ്ണൂര്‍ നോര്‍ത്ത് ബിആര്‍സിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സാമ്പത്തിക സഹായത്തോടെയാണ് പുസ്തകങ്ങള്‍ സമാഹരിച്ചത്. രണ്ടാം ക്ലാസിലെ 116 ഡിവിഷനുകളില്‍ ഒന്നര ലക്ഷം രൂപ മുഖവിലയുളള 40 പുസ്തകങ്ങള്‍ വീതം 4500 പുസ്തകങ്ങള്‍ സ്‌കൂളുകള്‍ക്ക് കൈമാറി. ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി കഥ, കവിത, നോവല്‍, ശാസ്ത്രരചനകള്‍, ലോകസാഹിത്യ ത്തിന്റെ ചെറുരൂപങ്ങള്‍ തുടങ്ങിയവയാണ് ലൈബ്രറി പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയത്. ക്ലാസ് മുറികളില്‍ ലൈബ്രറി തയ്യാറാക്കി വായനാ സൗകര്യം ഒരുക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിലേക്കുള്ള പുസ്തകങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ സമാഹരിച്ചുവരികയാണ്. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയപാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് മുഖ്യാതിഥിയായി. സാഹിത്യകാരന്‍ നാരായണന്‍ കാവുമ്പായി പ്രഭാഷണം നടത്തി. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ പ്രഭാകരന്‍, കണ്ണൂര്‍ ഡിവൈഎസ്പി പി.പി സദാനന്ദന്‍, എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ ഡോ. പി വി പുരുഷോത്തമന്‍, സീനിയര്‍ സൂപ്രണ്ട് സുഗതകുമാരി, എച്ച്എം ഫോറം സെക്രട്ടറി ടി കെ പ്രദീപന്‍, കണ്ണൂര്‍ നോര്‍ത്ത് ബിപിഒ കൃഷ്ണന്‍ കുറിയ, ട്രെയിനര്‍ എം പി ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it