കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ; ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചു

ന്യൂഡല്‍ഹി: കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്കു വധശിക്ഷ ഉറപ്പുവരുത്തുന്ന നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. 12 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ ഇത് നിയമമായി. ഇനി ഇത്തരം കേസുകളില്‍ പ്രതികളാവുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ കോടതികള്‍ക്ക് അധികാരമുണ്ട്. ഓര്‍ഡിനന്‍സിന് ശനിയാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
ഇന്ത്യന്‍ പിനല്‍ കോഡ് (ഐപിസി), തെളിവുനിയമം, കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയര്‍ (സിആര്‍പിസി), ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമം (പോക്‌സോ) എന്നിവയില്‍ ഭേദഗതി വരുത്തിയാണ് ബാലപീഡകര്‍ക്ക് തൂക്കുകയര്‍ ഉറപ്പുവരുത്തുന്നത്.
ബലാല്‍സംഗക്കേസിന് ചുരുങ്ങിയത് 10 വര്‍ഷത്തെ ജയില്‍ശിക്ഷ, 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് ചുരുങ്ങിയത് 20 വര്‍ഷത്തെ ജയില്‍ശിക്ഷ, 12 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്ന കുറ്റത്തിന് ചുരുങ്ങിയത് 20 വര്‍ഷത്തെ കഠിനതടവ്, പരമാവധി വധശിക്ഷ തുടങ്ങിയവ വ്യവസ്ഥ ചെയ്യുന്ന നിയമപ്രകാരം ഇരയുടെ പുനരധിവാസം, മെഡിക്കല്‍ ചെലവ്, പിഴ എന്നിവയും ഈടാക്കും. ബലാല്‍സംഗക്കേസുകളില്‍ ഉള്‍പ്പെടുന്ന പോലിസുകാര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷത്തെ കഠിനതടവും ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നുണ്ട്.
ബലാല്‍സംഗക്കേസുകളിലെ അന്വേഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കണം, 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയുണ്ടായിരിക്കില്ല, ബലാല്‍സംഗക്കേസുകളില്‍ ആറുമാസത്തിനകം അപ്പീല്‍ നല്‍കണം തുടങ്ങിയ വ്യവസ്ഥകളും ഓര്‍ഡിനന്‍സിലുണ്ട്.
Next Story

RELATED STORIES

Share it