കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ മേനക

വഡോദര: പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്തി 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമത്തിന്റെ കരട് രൂപീകരണ പ്രക്രിയയിലാണ് തന്റെ വകുപ്പെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി. വിഷയത്തില്‍ കാബിനറ്റ് നോട്ടീസ് തയ്യാറാക്കിയതിന് ശേഷം നിയമമന്ത്രാലയമുള്‍പ്പെടെ  വിവിധ വകുപ്പുകളുടെ അഭിപ്രായങ്ങള്‍ ആരായുമെന്നും വനിതാ-ശിശു ക്ഷേമവകുപ്പ് മന്ത്രിയായ മേനക പറഞ്ഞു.
കത്‌വയിലെ എട്ട് വയസ്സുകാരിയായ പെണ്‍കുട്ടിയുടെ ക്രൂരമായ ബലാല്‍സംഗ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് മേനക ഇക്കാര്യം പറഞ്ഞത്. കത്‌വ സംഭവത്തിലും അടുത്തിടെ കുട്ടികള്‍ നേരിട്ട പീഡനങ്ങളിലെല്ലാം താന്‍ ആഴത്തില്‍ അസ്വസ്ഥയാണെന്നും മേനക കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ പോക്‌സോ നിയമത്തില്‍ വധശിക്ഷ നല്‍കാനുള്ള വകുപ്പില്ല, പോക്‌സോ പ്രകാരം നല്‍കാവുന്ന പരമാവധി ശിക്ഷ ജിവപര്യന്തമാണ്. ഉത്തര്‍ പ്രദേശില്‍ ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കവെയാണ് മേനക ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 2015ല്‍ കുട്ടികള്‍ അടക്കമുള്ളവര്‍ ചെയ്യുന്ന പീഡനങ്ങള്‍ക്കെതിരായ നിയമം ശക്തമാക്കിയത് ഫലം ചെയ്തിരുന്നുവെന്നും മേനക പറഞ്ഞു.
12 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവരെ തൂക്കിക്കൊല്ലണമെന്ന് ബിജെപി എംപി ഹേമമാലിനി പറഞ്ഞു.  കുട്ടികളെ പോലും വെറുതെ വിടാത്ത മൃഗങ്ങള്‍ക്കെതിരേ മാധ്യമങ്ങളുടെ പിന്തുണയോടെ ദേശീയ പ്രസ്ഥാനം ആരംഭിക്കാന്‍ ഹേമമാലിനി ട്വിറ്ററില്‍ ആഹ്വാനം ചെയ്തു. മേനകയുടെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നതായും ഹേമമാലിനി പറഞ്ഞു.
Next Story

RELATED STORIES

Share it