കുട്ടികളെ പീഡിപ്പിക്കുന്നവരെ ഷണ്ഡീകരിക്കണമെന്ന് കോടതി

ചെന്നൈ: കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക പീഡനം തടയാന്‍ ഷണ്ഡീകരണ ശിക്ഷയാണ് പരിഹാരമെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടില്‍ ഒരു കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ വിദേശിയുടെ കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് എന്‍ കൃപാകരന്‍ ഈ പരാമര്‍ശം നടത്തിയത്. വിദേശിക്കെതിരേ പുറപ്പെടുവിച്ച റെഡ്‌കോര്‍ണര്‍ നോട്ടീസ്'കോടതി സ്‌റ്റേ ചെയ്തു.
കുട്ടികള്‍ക്കെതിരേയുള്ള പീഡനക്കേസുകളില്‍ പരമ്പരാഗത നിയമത്തിലുള്ള ശിക്ഷ വേണ്ടത്ര കര്‍ശനമല്ല. അതുകൊണ്ടു ഫലവുമുണ്ടാവുന്നില്ല. ഷണ്ഡീകരണ ശിക്ഷ പ്രാകൃതമാണെന്നു തോന്നിയേക്കാം. എന്നാല്‍, പ്രാകൃതമായ കുറ്റത്തിന് പ്രാകൃത ശിക്ഷാവിധികള്‍ തന്നെ വേണം. പലരും ഇതിനോടു യോജിക്കില്ലായിരിക്കും.
സമൂഹത്തിലെ നഗ്നമായ യാഥാര്‍ഥ്യം മനസിലാക്കുന്നവര്‍ ഈ ശിക്ഷാവിധിയെ സ്വീകരിക്കുമെന്നും ജസ്റ്റിസ് പറഞ്ഞു. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക പീഡനക്കേസ് 2.4 ശതമാനമായിരുന്നത് 2008നും 2014നുമിടയില്‍ 400 ശതമാനമാണു വര്‍ധിച്ചത്. കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് ഷണ്ഡീകരണ ശിക്ഷ നല്‍കിയാല്‍ അദ്ഭുതകരമായ ഫലമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ കുഞ്ഞുങ്ങള്‍ക്കു നേരെ നടന്ന കൂട്ട ബലാല്‍സംഗമാണ് കോടതിയെ കടുത്ത പരാമര്‍ശത്തിലേക്കു നയിച്ചത്. ഈ സംഭവത്തെ രക്തം ഉറഞ്ഞുപോവുന്നതെന്നും ഭയാനകമെന്നും കോടതി വിശേഷിപ്പിച്ചു. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരേ അധികശിക്ഷയായാണ് ഷണ്ഡീകരണം ചുമത്തേണ്ടത്.
2013ലെ നിര്‍ഭയ കേസില്‍ ഷണ്ഡീകരണ ശിക്ഷ നല്‍കുന്ന തരത്തില്‍ കേന്ദ്രനിയമം ഭേദഗതി ചെയ്യണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടിരുന്നു.
പോളണ്ട്, റഷ്യ, എസ്‌റ്റോണിയ, യുഎസ്സിലെ കാലഫോര്‍ണിയ, ഫ്‌ളോറിഡ, ഓറിഗണ്‍, ടെക്‌സാസ്, വാഷിങ്ടണ്‍ എന്നിവിടങ്ങളില്‍ കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഈ ശിക്ഷ നല്‍കുന്നുണ്ട്. ഷണ്ഡീകരണ ശിക്ഷ ആദ്യം നടപ്പാക്കിയ ഏഷ്യന്‍ രാജ്യമാണ് തെക്കന്‍ കൊറിയ.
നിയമങ്ങള്‍ കുറ്റകൃത്യങ്ങളുടെ ഭീഷണിക്കു മുമ്പില്‍ അശക്തവും നിഷ്ഫലവുമാവുമ്പോ ള്‍ കോടതിക്ക് നിശ്ശബ്ദമായി നോക്കിനില്‍ക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് അഭിപ്രായപ്പെട്ടു. 2011ല്‍ ഒരു ബ്രിട്ടിഷുകാരന്‍ 15 വയസ്സുകാരനെ ഒരു വര്‍ഷം മുഴുവന്‍ കൂടെ താമസിപ്പിച്ചു പീഡിപ്പിച്ചുവെന്ന കേസാണ് മദ്രാസ് ഹൈക്കോടതി മുമ്പാകെ വന്നത്.
Next Story

RELATED STORIES

Share it