wayanad local

കുട്ടികളെ തട്ടിക്കൊണ്ടുപോവല്‍അനാവശ്യ പ്രചാരണം നടത്തുന്നതിനെതിരേ നടപടി

മാനന്തവാടി: സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോവല്‍, ബ്ലാക്ക് സ്റ്റിക്കര്‍ സംഭവങ്ങളുടെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ അനാവശ്യ ഭീതിപരത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലിസ് തയ്യാറെടുക്കുന്നു. തെറ്റായ പ്രചാരണങ്ങളിലൂടെ ജനങ്ങളെ ഭീതിയിലാക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സമൂഹമാധ്യമങ്ങള്‍ നിരീക്ഷിക്കാനുള്ള തീരുമാനം. ഇക്കാര്യത്തില്‍ ഇന്നുമുതല്‍ സമൂഹമാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ പോലിസ് ഹൈടെക് സെല്ലിനും സൈബര്‍ സെല്ലിനും നിര്‍ദേശം നല്‍കിയതായി ദക്ഷിണമേഖലാ ഐജി മനോജ് അബ്രഹാം പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീടുകളിലും സ്ഥാപനങ്ങളിലും കറുത്ത സ്റ്റിക്കര്‍ പതിക്കുകയും ചില അടയാളങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നതു കവര്‍ച്ചക്കാരും കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഘങ്ങളുമാണെന്ന വിധത്തില്‍ വ്യാപകമായ പ്രചാരണമുണ്ടായി.വീടുകളിലെ ജനലുകളിലും ഫഌറ്റുകളിലും ബഹുനില കെട്ടിടങ്ങളിലുമാണ് ഒരേ നിറത്തിലും വലിപ്പത്തിലുമുള്ള സ്റ്റിക്കറുകള്‍ കണ്ടെത്തിയത്. ഇതില്‍ പലതും ജനല്‍ ഗ്ലാസുകള്‍ പൊട്ടാതിരിക്കാന്‍ പതിച്ചതാണെന്നു സ്ഥിരീകരിക്കുകയും മതിലിലെ അടയാളങ്ങള്‍ ടെലിഫോണ്‍ കമ്പനികളുടെ ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുന്നവരും രേഖപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അതല്ലാതെ ഇത്തരം സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ നിന്ന് സംശയാസ്പദമായ സിസി ടിവി ദൃശ്യങ്ങളോ മറ്റോ കണ്ടെത്താന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല, ഇത്തരം അടയാളങ്ങള്‍ കാണപ്പെട്ട സ്ഥലങ്ങളിലെങ്ങും കവര്‍ച്ചയോ കുട്ടികളെ തട്ടിക്കൊണ്ടുപോവാനുള്ള ശ്രമങ്ങളോ റിപോര്‍ട്ട് ചെയ്യപ്പെട്ടില്ല. എന്നിട്ടും സമൂഹമാധ്യമങ്ങളില്‍ ഇത്തരം ദൃശ്യങ്ങള്‍ക്കൊപ്പം നിറംപിടിപ്പിച്ച കഥകളും ഊഹാപോഹങ്ങളും പ്രചരിക്കാന്‍ തുടങ്ങിയത് ജനങ്ങളില്‍ അനാവശ്യ ഭീതിയുണ്ടാക്കാനും സ്റ്റിക്കറുകളും അടയാളങ്ങളും നാടുനീളെ പതിയാനും കാരണമായി. കുട്ടികളെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച ഭിക്ഷക്കാരനെ പിടികൂടിയതും വലിയതുറയില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ ക്രൂരമര്‍ദനത്തിനിരയാക്കിയതും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത് പോലിസിന് തലവേദന സൃഷ്ടിച്ച സാഹചര്യത്തില്‍ അതിനു കടിഞ്ഞാണിടാന്‍ കൂടിയാണ് കര്‍ശന നിരീക്ഷണം നടത്താനും അനാവശ്യ വിവാദം സൃഷ്ടിക്കുന്നവര്‍ക്കെതിരേ സൈബര്‍ നിയമപ്രകാരം നടപടിയെടുക്കാനും ഐജി നിര്‍ദേശിച്ചത്.
Next Story

RELATED STORIES

Share it