ernakulam local

കുട്ടികളെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമം; മുഖ്യമന്ത്രിക്ക് എംഎല്‍എയുടെ കത്ത്

മൂവാറ്റുപുഴ: കുട്ടികളെ തട്ടിക്കൊണ്ട് പോവുന്ന അജ്ഞാത സംഘത്തെ പിടികൂടാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. മൂവാറ്റുപുഴ നിയോജകമണ്ഡലത്തില്‍ മൂന്ന്് കുട്ടികളെ തട്ടികൊണ്ട് പോവുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയും നാട്ടുകാരുടെ സമയോജിതമായ ഇടപെടലിനെ തുടര്‍ന്ന് പ്രസ്തുത ശ്രമം വിഫലമാവുകയും ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ഏഴിന് പായിപ്ര പഞ്ചായത്തിലെ മുളവൂര്‍ മുളാട്ട് അബ്ദുല്‍ സലാമിന്റെ മകന്‍ അഫ്രിന്‍ സലാം(10) മഗരിബ് നമസ്‌കാരം കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന കുട്ടിയെ കാറിലെത്തിയ സംഘം തട്ടികൊണ്ട് പോവാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലിന് പെരുമറ്റം ഫ്രഷ്‌കോള ജങ്ഷന്‍ ആക്കടയില്‍ ഷാജഹാന്റെ ഒന്നര വയസുള്ള കുട്ടിയെ ബൈക്കിലെത്തിയ അജ്ഞാതന്‍ ഭാര്യ സുല്‍ഫത്തിന്റെ കയ്യില്‍ നിന്നും തട്ടിയെടുക്കാന്‍ ശ്രമിച്ചതടക്കമുള്ള സംഭവങ്ങള്‍ പ്രദേശത്താകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ കുറിച്ച് സൂചനപോലും ലഭിച്ചിട്ടില്ല. ഇതിന് പുറമേ കഴിഞ്ഞ ജൂണ്‍ 22നും സപ്തംബര്‍ 24നും രണ്ട് പ്രാവശ്യം മൂവാറ്റുപുഴ സെന്റ്. അഗസ്റ്റ്യന്‍സ് സ്‌കൂളിനും കഴിഞ്ഞ ജൂലൈ 24ന് മൂവാറ്റുപുഴ നിര്‍മല ജൂനിയര്‍ സ്‌കൂളിലും തൃക്കളത്തൂര്‍ സെന്റ്. ജോര്‍ജ് യാക്കോബായ പള്ളിയിലും കവര്‍ച്ചാ ശ്രമങ്ങള്‍ നടക്കുകയുണ്ടായി. ഇതിന് പുറമെ കഴിഞ്ഞ ഒക്‌ടോബര്‍ ഏഴിന് മൂവാറ്റുപുഴ വിമല മഹിളാ സമാജം, നിര്‍മല ഭവന്‍ കോണ്‍വെന്റ് എന്നിവിടങ്ങളിലെ 15മുറികള്‍ നശിപ്പിക്കുകയുണ്ടായി. ഈ വിഷയങ്ങളിലെല്ലാം പോലിസ് അന്വേഷണം നടന്നെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ ആശങ്കയും ഭീതിയകറ്റുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും വേണ്ടി വിദഗ്ധ അന്വേഷണ സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. വിഷയത്തില്‍ അടിയന്തരപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it