thiruvananthapuram local

കുട്ടികളെപ്പോലെ ഓടിനടന്ന് സിനിമ കാണാന്‍ ആഗ്രഹമുണ്ട്: മന്ത്രി ശൈലജ

തിരുവനന്തപുരം: കുട്ടികളെ പോലെ ബാഡ്ജ് ധരിച്ച് ഓടി നടന്ന് സിനിമ കാണണമെന്ന് ആഗ്രഹമുണ്ടെന്നും ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങളില്‍ ഇടപെടേണ്ടതിനാല്‍ അതിന് കഴിയുന്നില്ലെന്നും മന്ത്രി കെ കെ ശൈലജ. അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിലെത്തിയപ്പോഴാണ് മന്ത്രി കുട്ടികളോട് ഇക്കാര്യം പറഞ്ഞത്.
പ്രായമായെങ്കിലും കുട്ടികളെ പോലെ നിഷ്‌ക്കളങ്കരായി ഇരിക്കാനാണ് ആഗ്രഹം. ഈ മേള നാടിന്റെ ഉല്‍സവമായി മാറിയിരിക്കുകയാണ്. ഇത്രത്തോളം വിജയമാവുമെന്ന് തിരുവനന്തപുരം നഗരം പ്രതീക്ഷിച്ചില്ല. ഇതുപോലൊരു മേള ഇതിന് മുമ്പ് നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ചലച്ചിത്രോല്‍സവത്തിലെ ഡെയ്‌ലി ബുള്ളറ്റിന്‍ അഭിരാമി എന്ന ഡെലിഗേറ്റിന് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ് പി ദീപക്, നടന്‍മാരായ കെ ശ്രീകുമാര്‍, സുധീര്‍ കരമന, കേരളത്തിലെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ ദമ്പതികളായ സൂര്യ, ഇഷാന്‍, ശിശുക്ഷേമസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് അഴീക്കോടന്‍ ചന്ദ്രന്‍, ട്രഷറര്‍ ജി രാധാകൃഷ്ണന്‍ പങ്കെടുത്തു.
വില്ലേജ്
'റോക്സ്റ്റാര്‍സും'
'ഒറ്റാലും'
പ്രദര്‍ശനത്തിന്
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ആസാമീസ് ചിത്രം ‘വില്ലേജ് റോക്സ്റ്റാര്‍സ്’, ‘മലയാളം ഫീച്ചര്‍ ഫിലിം’ വിഭാഗത്തില്‍ ജയരാജ് സംവിധാനം നിര്‍വഹിച്ച ‘ഒറ്റാല്‍’ എന്നീ ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. റിമാ ദാസ് നിര്‍മാണവും രചനയും സംവിധാനവും ഛായാഗ്രഹണവും എഡിറ്റിങും നിര്‍വഹിച്ച ‘വില്ലേജ് റോക്‌സ്റ്റാര്‍സ്’ കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട് ജനപ്രശംസ നേടിയ ചിത്രമാണ്. മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ കമലം ദേശീയ പുരസ്‌കാത്തിനര്‍ഹമായ ചിത്രം ടോറോണ്ടോ ചലച്ചിത്രമേളയിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്.  ആന്റണ്‍ ചെക്കോവിന്റെ കാലാതീതമായ റഷ്യന്‍ നോവല്‍ ‘വാങ്ക’യെ ആസ്പദമാക്കി ജയരാജ് സംവിധാനം നിര്‍വഹിച്ച ‘ഒറ്റാല്‍’ ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള ക്രിസ്റ്റല്‍ ബെയര്‍ അവാര്‍ഡ് നേടി. മറ്റു ചലച്ചിത്രമേളകളിലും ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം ഗ്രാമീണ ചാരുതയും പ്രകൃതിയുടെ സൗന്ദര്യവും അതിമനോഹരമായി ചിത്രീകരിക്കുന്നു.
ഐസിഎഫ്എഫ്‌കെ മീഡിയ അവാര്‍ഡ്
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി മികച്ച റിപോര്‍ട്ടിങ്ങിനുള്ള മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. പത്ര ദൃശ്യശ്രാവ്യ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.
പ്രസിദ്ധീകരിച്ച / പ്രക്ഷേപണം ചെയ്ത വാര്‍ത്തകള്‍ 19ന് 12നു മുമ്പായി ഫെസ്റ്റിവല്‍ മീഡിയ സെല്ലില്‍ (കൈരളി തിയറ്റര്‍) എത്തിക്കേണ്ടതാണ്. അവാര്‍ഡ് പ്രഖ്യാപനവും വിതരണവും 20ന് രാവിലെ 10നു നടക്കുന്ന സമാപന ചടങ്ങില്‍ നടക്കും.
Next Story

RELATED STORIES

Share it