malappuram local

കുട്ടികളുടെ സംരക്ഷണത്തിന് 'ഒപ്പം കുട്ടികള്‍ക്കൊപ്പം' ബാല സംരക്ഷണ വോളന്റിയര്‍ ഗ്രൂപ്പ്

മലപ്പുറം: കുട്ടികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനും അവരുടെ ഉത്തമ താല്‍പര്യം സംരക്ഷിക്കുന്നതിനും കുട്ടികള്‍ നേരിട്ട് കൊണ്ടിരിക്കുന്ന വിവിധ ചൂഷണങ്ങള്‍ ഇല്ലാതാകുന്നതിനുമായി ബ്ലോക്കടിസ്ഥാനത്തില്‍ 120 വോളന്റിയര്‍മാരെ തിരഞ്ഞെടുത്തു.
ജില്ലയിലെ 15 ബ്ലോക്കില്‍ നിന്നും 12 മുനിസിപ്പാലിറ്റിയില്‍ നിന്നും മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് ഒപ്പം കുട്ടികള്‍ക്കൊപ്പം ബാല സംരക്ഷണ വോളന്റിയര്‍ ഗ്രൂപ്പ് മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുത്തത്. സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്‍പ്പെടുന്നവരാണു ബാലസംരക്ഷണ വോളന്റിയര്‍ ഗ്രൂപ്പില്‍ അംഗമായിട്ടുള്ളത്.
ബ്ലോക്ക് പഞ്ചായത്ത് തല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രാദേശികമായി ഉണ്ടാവുന്ന വിവിധ പ്രശ്‌നങ്ങളില്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ട് വരികയും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
മഞ്ചേരി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ ചേര്‍ന്ന  പരിപാടിയില്‍ എല്ലാ വോളന്റിയേഴ്‌സിനും ഐ ഡി കാര്‍ഡ് വിതരണം നടത്തി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എം മണികണ്ഠന്‍  ഉദ്ഘാടനം ചെയ്തു.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ സമീര്‍ മച്ചിങ്ങല്‍ അധ്യക്ഷത വഹിച്ചു. പ്രൊജക്റ്റ് കോഡിനേറ്റര്‍ ഫസല്‍ പുള്ളാട്ട്, ഔട്ട് റീച്ച് വര്‍ക്കര്‍ അതുല്യ, ജംഷി മോന്‍ സംസാരിച്ചു. ബാല്യ വിവഹത്തിനെതിരേ അവള്‍ പറന്നുയരട്ടെ എന്ന പേരില്‍ തെരുവ് നാടക കലാജാഥ അവതരിപ്പിച്ച പെരിന്തല്‍മണ്ണ എസ്എന്‍ഡിപി കോളജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു.
Next Story

RELATED STORIES

Share it