Gulf

കുട്ടികളുടെ കളിക്കൂടാരം തുറന്നു

ദോഹ: മിയാ പാര്‍ക്കില്‍ സ്ഥാപിച്ച കുട്ടികളുടെ കളിക്കൂടാരം പൊതുജനങ്ങള്‍ക്കായി തുറന്നു. വിഖ്യാത ഇറാഖി കലാകാരന്‍ ദിയാ അസ്സാവിയാണ് ഖത്തര്‍ മ്യൂസിയത്തിനു വേണ്ടി കുട്ടികള്‍ക്കുള്ള കളിക്കൂടാരം രൂപകല്‍പന ചെയ്തത്. കൂടുതല്‍ കലാരൂപങ്ങളും കളിയുപകരണങ്ങളും സ്ഥാപിക്കാനുള്ള ഖത്തര്‍ മ്യൂസിയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് കുട്ടികളുടെ കളിക്കൂടാരം. മോഹിപ്പിക്കുന്ന കിഴക്ക് (എന്‍ചാന്റഡ് ഈസ്റ്റ്) എന്നാണ് നിര്‍മിതിക്കു പേരിട്ടിരിക്കുന്നത്.  നാല്‍പത് ജീവികളുടെ രൂപത്തിലുള്ള ഇരിപ്പിടങ്ങളാണ് വട്ടത്തിലാടുന്ന യന്ത്രത്തിലുള്ളത്. ഇസ്്‌ലാമിക കലയില്‍ നിന്നും അറബി കാലിഗ്രഫിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ഡിസൈനാണ് കളിയന്ത്രത്തിനു നല്‍കിയിരിക്കുന്നത്. കുട്ടികുടെ പാര്‍ക്കിനും കഫേയ്ക്കുമിടയിലാണ് യന്ത്രം സ്ഥാപിച്ചത്. കളിക്കൂട് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാവാന്‍ അഞ്ചു ദിവസമെടുത്തേക്കുമെന്ന് ഖത്തര്‍ മ്യൂസിയം കണ്‍സള്‍ട്ടന്റ് ഖാലിദ് യൂസുഫ് അല്‍ ഇബ്രാഹീം പറഞ്ഞു. മ്യൂസിയത്തിനു പുറത്തും സാംസ്‌കാരികാനുഭവങ്ങള്‍ തീര്‍ക്കുമെന്ന വാഗ്ദാനത്തിന്റെ ഭാഗമാണ് ഇറാഖി കലാകാരന്‍ രൂപകല്‍പന നിര്‍വഹിച്ച ആട്ടുയന്ത്രമെന്നും അദ്ദേഹം പറഞ്ഞു. ശ്രദ്ധേയനായ കലാകാരനായ ദിയാ അസ്സാവി ഖത്തര്‍ മ്യൂസിയത്തിന്റെ അടുത്ത സുഹൃത്തു കൂടിയാണ്്. നമുക്കു ചുറ്റും കലാ രൂപങ്ങളുണ്ടെന്നും മ്യൂസിയം ഓഫ് ഇസ്‌ലാമിക് പാര്‍ക്കിലെത്തുന്നവര്‍ക്ക് കലാരൂപങ്ങളുമായി ഇടപഴകാന്‍ അവസരമേറെയുണ്ടെന്നും ഖാലിദ് യൂസുഫ് പറഞ്ഞു. ദിയാ അസ്സാവിയുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനം ഒക്ടോബര്‍ 16 മുതല്‍ 2017 ഏപ്രില്‍ 16 വരെ അറബ് മ്യൂസിയം ഓഫ് ആര്‍ട്ടിലും അല്‍രിവാഖിലെ ഗാലറിയിലും നടക്കും.
Next Story

RELATED STORIES

Share it