Flash News

കുട്ടികളുടെ എണ്ണത്തില്‍ കൃത്രിമം കണ്ടെത്തിയാല്‍ കടുത്ത നടപടി



നാദാപുരം: സംസ്ഥാനത്തെ എയ്ഡഡ് സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപക തസ്തിക നി ര്‍ണയം ജൂലൈ 15നു മുമ്പു പൂര്‍ത്തിയാക്കണമെന്നു നിര്‍ദേശം. എല്ലാ സ്‌കൂളുകളിലെയും പ്രധാനാധ്യാപകര്‍ ഇതിനാവശ്യമായ രേഖകള്‍ “സമ്പൂര്‍ണ’യില്‍ നിന്നു പകര്‍പ്പെടുത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി നിര്‍ദേശിച്ചു. ഈ വര്‍ഷം തസ്തിക നിര്‍ണയത്തില്‍ തസ്തിക നഷ്ടപ്പെടുന്നവര്‍ക്ക് ശമ്പളം അനുവദിക്കില്ല. തസ്തികകള്‍ സംരക്ഷിക്കാനായി വ്യാജ ഐഡി ഉപയോഗിച്ച് കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാണിച്ചതായി ശ്രദ്ധയില്‍പെട്ടാല്‍ ക്ലാസ് അധ്യാപകനും പ്രധാന അധ്യാപകനുമെതിരേ പിരിച്ചുവിടലടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉത്തരവില്‍ വ്യക്തമാക്കി.2016-17 വര്‍ഷം സംസ്ഥാനത്ത് തസ്തിക നിര്‍ണയം നടത്തിയിരുന്നില്ല. അതിനാല്‍ 2015-16 വര്‍ഷത്തെ തസ്തികകളുടെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷം നിര്‍ണയം നടത്തേണ്ടത്. ഒന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകളില്‍ 30 കുട്ടികള്‍ക്ക് ഒരു തസ്തിക എന്ന നിലയിലും ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ 35 പേര്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലുമാണ് തസ്തിക നിര്‍ണയം നടത്തേണ്ടത്.ഒമ്പത്, 10 ക്ലാസുകളില്‍ ആദ്യത്തെ 50 പേര്‍ക്ക് ഒരു അധ്യാപകനും പിന്നീടു വരുന്ന ഓരോ 45 കുട്ടികള്‍ക്കും ഒരു തസ്തിക വീതവും അനുവദിക്കാമെന്നാണ് ഡിപിഐ ഉത്തരവിലുള്ളത്. ഭാഷാധ്യാപകര്‍ക്ക് നിലവിലുള്ള തസ്തിക നിലനിര്‍ത്താന്‍ ആവശ്യമായ കുട്ടികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം വരുത്തിയ കുറവ് ഈ വര്‍ഷത്തെ തസ്തിക നിര്‍ണയത്തിനും ബാധകമാക്കണമെന്ന് ഉത്തരവിലുണ്ട്. എന്നാല്‍, പുതിയ തസ്തിക നിര്‍ണയത്തിന് ഈ ഇളവ് ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. ഈ വര്‍ഷം പുതിയ അധ്യാപകതസ്തിക അനുവദിക്കുന്ന സ്‌കൂളുകളിലെ തസ്തിക നിര്‍ണയവും പുതിയ തസ്തിക അനുവദിക്കാവുന്നതാണെങ്കില്‍ അതും ജൂലൈ 15നകം പൂര്‍ത്തിയാക്കണം. ഈ വര്‍ഷം തസ്തിക നഷ്ടപ്പെടുന്ന അധ്യാപകര്‍ക്ക് അവരെ അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍ണയം നടത്തുന്നതു വരെ ശമ്പളം അനുവദിക്കില്ല. പുനര്‍നിര്‍ണയത്തിനുശേഷം മാത്രമേ അവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയുണ്ടാവൂ.വ്യാജ രേഖകള്‍ ഉപയോഗിച്ച് കുട്ടികളെ ചേര്‍ത്ത് ചില സ്‌കൂളുകള്‍ തസ്തിക നിലനിര്‍ത്തിയെന്നും ഇതു സര്‍ക്കാരിന് വലിയ സാമ്പത്തികബാധ്യതയുണ്ടാക്കിയെന്നും നേരത്തേ കണ്ടെത്തിയിരുന്നു. ഇത്തരം കൃത്രിമം കണ്ടെത്തിയാല്‍ ക്ലാസ് ടീച്ചര്‍, പ്രധാനാധ്യാപകന്‍, മാനേജര്‍ എന്നിവര്‍ക്കെതിരേ കടുത്ത നടപടികളെടുക്കുമെന്നും ഇന്നലെ പുറത്തിറങ്ങിയ ഡിപിഐയുടെ എച്ച് 2/34017 നമ്പര്‍ ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it