Pathanamthitta local

കുട്ടികളില്‍ മൗലിക ചിന്ത വളര്‍ത്താന്‍ മാതൃഭാഷ അനിവാര്യം: പ്രഫ. പി ജെ കുര്യന്‍



പത്തനംതിട്ട: കുട്ടികളില്‍ മൗലിക ചിന്ത വളര്‍ത്താനും കാര്യങ്ങളെ വിശകലന ബുദ്ധിയോടെ കൈകാര്യം ചെയ്യുന്നതിനുമുള്ള ശേഷി വളര്‍ത്തുന്നതിനും മാതൃഭാഷ പഠനം അനിവാര്യമാണെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി ജെ കുര്യന്‍ പറഞ്ഞു. സ്‌കൂള്‍ പ്രവേശനോത്സവ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വെട്ടിപ്രം ഗവ. എല്‍പിഎസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ അഞ്ചാം ക്ലാസ് വരെ നിര്‍ബന്ധമായും മാതൃഭാഷ പഠിപ്പിക്കണം. ചിന്തകള്‍ രൂപം കൊള്ളുന്നത് മാതൃഭാഷയിലാണ്. വിദ്യാഭ്യാസം എന്നാല്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുക എന്നത് മാത്രമല്ല.  കുട്ടിയുടെ മാനസികവും, ബൗദ്ധികവും, മനുഷ്യത്വപരവുമായ എല്ലാ ഗുണങ്ങളുടെയും പോഷണം കൂടിയാണ് ലക്ഷ്യമിടുന്നത്. സ്വഭാവ രൂപീകരണവും ബൗദ്ധികമായ വളര്‍ച്ചയും വികാസവുമെല്ലാം ഉണ്ടാകുന്നതിന് ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിലുള്ളതും മാതൃഭാഷകളില്‍ അധിഷ്ഠിതവുമായ പഠന രീതികളാണ് ആവശ്യമുള്ളത്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും അവരെ ഉത്തമ പൗരന്‍മാരാക്കി മാറ്റുന്നതിലും രക്ഷകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍എസ്എസ് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ അക്ഷര വി നായര്‍ക്കുള്ള ഉപഹാരവും അദ്ദേഹം സമ്മാനിച്ചു. വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സ്ഥല പരിമിതിമൂലം ബുദ്ധിമുട്ടുന്ന വെട്ടിപ്രം ഗവ. എല്‍പി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിക്കുമെന്ന് എംഎല്‍എ പറഞ്ഞു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നൂപൂര്‍ണാദേവി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍പേഴ്‌സ ണ്‍ രജനി പ്രദീപ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രവേശനോത്സവദിന സന്ദേശം വായിക്കുകയും നവാഗതര്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. പ്രവേശനോല്‍സവത്തിന്റെ മുന്നോടിയായി സ്‌കൂളുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ മജീഷ്യന്‍ വിനോദ് നരനാട്ട് കിറ്റി ഷോ അവതരിപ്പിച്ചു. അസിസ്റ്റന്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി എന്‍ മധുസൂദനന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it