കുട്ടനാട് പാക്കേജിലെ വീഴ്ചകള്‍അന്വേഷിക്കും: കൃഷിമന്ത്രി

ആലപ്പുഴ: കുട്ടനാട് പാക്കേജിലെ വീഴ്ചകള്‍ അന്വേഷിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. കൃഷിയിറക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ റാണി-ചിത്തിര കായലുകളും മടവീണ കൈനകരി കുപ്പപ്പുറം പാടശേഖരവും സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. കൃഷിമന്ത്രിയായി ചുമതലയേറ്റശേഷമുള്ള ആദ്യ കുട്ടനാട് സന്ദര്‍ശനമാണിത്. കുട്ടനാട് പാക്കേജിന്റെ പുനരുജ്ജീവനമെന്ന നിലയില്‍ പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കും. സാങ്കേതികമായി കുട്ടനാട് പാക്കേജിന്റെ കാലാവധി അവസാനിച്ചു. പദ്ധതി നടത്തിപ്പിന്റെ ന്യൂനതകള്‍ മനസ്സിലാക്കി പാക്കേജിന്റെ പുനരുജ്ജീവനമെന്ന നിലയില്‍ പുതിയ രൂപത്തില്‍ പദ്ധതികള്‍ തയ്യാറാക്കി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കും. പരിസ്ഥിതി-കൃഷി സംരക്ഷണത്തിന്റെ സുപ്രധാനപ്രദേശമെന്ന നിലയിലാണു സര്‍ക്കാര്‍ കുട്ടനാടിനെ കാണുന്നത്. കുട്ടനാട് പാക്കേജിലെ പദ്ധതികളുടെ ഏകോപനത്തില്‍ പിഴവുണ്ടായതുമൂലം കര്‍ഷകര്‍ക്കു വേണ്ടത്ര പ്രയോജനപ്പെട്ടില്ല. ഇതുസംബന്ധിച്ച് റിപോര്‍ട്ട് നല്‍കാന്‍ കൃഷി സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിശ്ചയിച്ച രീതിയിലല്ല പദ്ധതികള്‍ നടപ്പാക്കപ്പെട്ടത്. ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചു. ഇതില്‍ സംഭവിച്ച കെടുകാര്യസ്ഥതയെക്കുറിച്ചും അഴിമതിയെക്കുറിച്ചും അന്വേഷിച്ച് കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടനാടുമായി ബന്ധപ്പെട്ട കാര്‍ഷിക പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി അടുത്തമാസം ആലപ്പുഴയില്‍ ഉന്നതതല യോഗം വിളിക്കും. ജനപ്രതിനിധികള്‍, പാടശേഖരസമിതികള്‍ അടക്കം എല്ലാവരെയും പങ്കെടുപ്പിച്ചാണു യോഗം വിളിക്കുക. റാണി കായലില്‍ കൃഷിയിറക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ പരിശോധിച്ചു.കുപ്പപ്പുറം പാടശേഖരത്തിലെ മടവീണ ഭാഗത്ത് ബണ്ട് നിര്‍മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഉടന്‍ തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ക്കും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുപ്പപ്പുറം പാടശേഖരത്തിലെ ബണ്ട് പാടശേഖരസമിതി നന്നാക്കും. പെട്ടിയും പറയും നല്‍കാന്‍ നടപടിയെടുക്കും. വര്‍ഷത്തില്‍ ഒരുതവണ മാത്രം കൃഷിയിറക്കുന്നവര്‍ക്ക് സബ്‌സിഡി അനുവദിക്കില്ലെന്ന ഉത്തരവ് പിന്‍വലിക്കും- മന്ത്രി പറഞ്ഞു. റാണി-ചിത്തിര കായലിലെ കൃഷിയുമായി ബന്ധപ്പെട്ട് ഇന്നു തിരുവനന്തപുരത്തു ചേരുന്ന യോഗത്തിനു മുന്നോടിയായാണു മന്ത്രി കുട്ടനാട് സന്ദര്‍ശിച്ചത്. തോമസ് ചാണ്ടി എംഎല്‍എ—, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, പാടശേഖരസമിതി ഭാരവാഹികളായ അഡ്വ. വി മോഹന്‍ദാസ്, എ ഡി കുഞ്ഞച്ചന്‍, എ ശിവരാജന്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it