കുട്ടനാട് പാക്കേജിന്റെ തുടര്‍ച്ചയ്ക്കും ഭാവിക്കും വ്യക്തതയുണ്ടാക്കും: മുഖ്യമന്ത്രി

രാമങ്കരി: കുട്ടനാട് പാക്കേജിന്റെ തുടര്‍ച്ചയ്ക്കും ഭാവിക്കും വ്യക്തതയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുട്ടനാട്ടില്‍ ആരംഭിക്കുന്ന അന്തര്‍ദേശീയ കായല്‍കൃഷി ഗവേഷണ-പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനം മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനം ലോകം ഗൗരവത്തോടെ ചര്‍ച്ച ചെയ്യുകയാണ്. ഈ സാഹചര്യത്തിലാണ് ഡോ. എം എസ് സ്വാമിനാഥനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഗവേഷണകേന്ദ്രത്തെക്കുറിച്ച് ചിന്തിച്ചതും ബജറ്റില്‍ പണം നീക്കിവച്ചതുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടനാട് പാക്കേജ് ഏറെ ഗുണങ്ങള്‍ ഉണ്ടാക്കിയെങ്കിലും പ്രതീക്ഷിച്ചത്ര നേടിയെടുക്കാനായില്ല. കുട്ടനാടിനെ ദേശീയ പ്രാധാന്യമുള്ള പ്രദേശമായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം എം എസ് സ്വാമിനാഥന്റെ സഹായത്തോടെ കേന്ദ്രസര്‍ക്കാരിന്റെ മുമ്പില്‍ വയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രഫ. എം എസ് സ്വാമിനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. ലോകത്തൊരിടത്തും കുട്ടനാടിനെപ്പൊലെ വ്യത്യസ്തമായൊരു പൈതൃക കേന്ദ്രം കാണാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കുട്ടനാട് കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഗവേഷണ കേന്ദ്രത്തെ കാണുന്നതെന്ന് കുട്ടനാട് കാര്‍ഷിക പൈതൃകകേന്ദ്രം ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനോദ്ഘാടനവും വെബ്‌സൈറ്റ് ഉദ്ഘാടനവും നിര്‍വഹിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എംപി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫിഷര്‍ ഫ്രണ്ട് മൊബൈലിന്റെ വിതരണം കെ സി വേണുഗോപാല്‍ എംപി നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it