Alappuzha local

കുട്ടനാട്ടില്‍ വ്യാജമദ്യം വില്‍പ്പന വ്യാപകം; പത്ത് ഷാപ്പുകള്‍ പൂട്ടി

രാമങ്കരി:  കുട്ടനാട്ടില്‍  മദ്യദുരന്തത്തിന് പോലും കാരണമായേക്കാവുന്ന തരത്തില്‍ വ്യാജമദ്യം വില്‍പ്പന വ്യാപകം. കുട്ടനാട് എക്‌സൈസ് റേഞ്ച് വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍  മദ്യഷാപ്പുകള്‍ കേന്ദ്രീകരിച്ചു പരിശോധന നടത്തി. കള്ളില്‍  വന്‍തോതില്‍ കൊഴുപ്പ്  കണ്ടെത്തിയതിനെ തുടര്‍ന്ന് വിവിധയിടങ്ങളിലെ പത്തോളം ഷാപ്പുകള്‍ പൂട്ടുകയും ചെയ്തു.  എക്‌സൈസ് കേസ് എടുത്തതിനെത്തുടര്‍ന്ന് ഷാപ്പ് കോണ്‍ട്രാക്ടര്‍മാര്‍ ഒളിവിലാണ്. പരിശോധനയില്‍ എട്ട്, 12 ഗ്രൂപ്പുകളില്‍ പെട്ട പത്തോളം ഷാപ്പുകളിലാണ് വ്യാജമദ്യവും മറ്റും വില്‍പ്പന നടത്തുന്നതായി കണ്ടെത്തിയത്.   എട്ടാം ഗ്രൂപ്പില്‍ പെട്ട മങ്കൊമ്പ് തെക്കേകര, നാട്ടായം, തെക്കേകര തോട്ടഭാഗം  മങ്കൊമ്പ് ചന്ത എന്നീ ഷാപ്പുകളും പന്ത്രണ്ടാം ഗ്രൂപ്പില്‍ പെടുന്ന മിത്രക്കരി, പള്ളിത്താഴെ  ഊരുക്കരി മാമ്പുഴക്കരി ഭജനമഠം, മാമ്പുഴക്കരി ബ്ലോക്ക്,  മാമ്പുഴക്കരി ജങ്ഷന്‍ ഇന്ദ്രന്‍കരി എന്നീ ഷാപ്പുകളും പൂട്ടിയവയില്‍പെടും. എട്ടാം ഗ്രൂപ്പിന്റെ കോണ്‍ട്രാക്ടര്‍മാരായ കുന്നുമ്മ വില്ലേജില്‍ കണ്ണാടി കിഴക്ക് മുറിയില്‍ വെച്ചുത്തറ വീട്ടില്‍ പുരുഷോത്തമന്റെ മകന്‍ വിജയകുമാര്‍ (58), ചതുര്‍ത്ഥ്യാകരി കൊച്ചുകളം മാധവന്റെ മകന്‍ പുരുഷോത്തമന്‍(60), പന്ത്രണ്ടാം ഗ്രൂപ്പില്‍ പെട്ട ആറു ഷാപ്പുകളുടെ കോണ്‍ട്രാക്ടര്‍  മാമ്പുഴക്കരി പുളിമൂട്ടില്‍ പരേതനായ രാജപ്പന്റെ മകന്‍ ഗോപാലകൃഷ്ണന്‍ (53) എന്നിവര്‍ക്കെതിരേയാണ് എക്‌സൈസ് സംഘം കേസ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാരിന്റെ മദ്യ നയത്തെതുടര്‍ന്ന് കുട്ടനാട്ടില്‍ വന്‍തോതില്‍ വ്യാജക്കള്ള് വില്‍പ്പന പൊടിപൊടിക്കുന്നതായി നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.  തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കുട്ടനാട്ടിലെ മിക്ക ഷാപ്പുകളിലും വ്യാജമദ്യത്തിന് പുറമെ വ്യാജ വിദേശമദ്യവും തകൃതിയായി വില്‍പ്പന നടന്നിരുന്നു. ഇതേത്തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ മിത്രക്കരിയിലെയും മങ്കൊമ്പിലെയും രഹസ്യ കേന്ദ്രങ്ങളില്‍ നിന്നു  വന്‍തോതില്‍ വ്യാജക്കള്ളും വ്യാജ വിദേശമദ്യവും പിടികൂടുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷവും ഷാപ്പുകള്‍ കേന്ദ്രികരിച്ച് വ്യാജക്കള്ള് വില്‍പന നിര്‍ബാധം തുടര്‍ന്നു. എന്നാല്‍ ആക്ഷേപം വീണ്ടും ശക്തമാവുകയും എക്‌സൈസ് അധികൃതര്‍ പരിശോധന കര്‍ശനമാക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് വന്‍ തോതില്‍ കള്ളിലെ മായം കണ്ടെത്തുകയും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയും ചെയ്തത്. കുട്ടനാട് ഏത് നിമിഷവും ഒരു മദ്യ ദുരന്തത്തിന് സാക്ഷിയായേക്കുമോ എന്ന യെന്ന ആശങ്ക നിലനില്‍ക്കെയാണ് എക്‌സൈസ് നടപടി.
Next Story

RELATED STORIES

Share it