Alappuzha local

കുട്ടനാട്ടില്‍ നെല്ലു സംഭരണം തുടങ്ങി



എടത്വ: അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് കുട്ടനാട്ടില്‍ നെല്ലു സംഭരണം ആരംഭിച്ചു.എടത്വ കൃഷിഭവന്‍ പരിധിയില്‍ വരുന്ന എരവുകരി പാടത്താണ് ഇന്നലെ മുതല്‍ സംഭരണം ആരംഭിച്ചത്.ഇവിടെ നിന്ന് എഴുന്നൂറു ക്വിന്റല്‍ നെല്ലാണ് ഏറ്റെടുത്തത്.വെള്ളപ്പൊക്ക സമയത്ത് കൊയ്തിട്ട ആനാരി കിഴക്കേ പോച്ച പാടത്തെ നെല്ല് ഇന്നലെ  എടുക്കാന്‍ എത്തിയെങ്കിലും ഈര്‍പ്പത്തിന്റെ അളവ് വളരെ കൂടുതലായതിനാല്‍ സംഭരണം നീണ്ടു പോവുകയാണ്.  രാമങ്കരി കൃഷി ഭവന്‍ പരിധിയില്‍ 60് ഏക്കര്‍ വരുന്ന പുതുക്കരി വലിയകരി പാടത്തും,150 ഏക്കര്‍ വരുന്ന തകഴി പോളേപ്പാടത്തും,നടുവിലേപോച്ചവടക്ക് പാടത്തും നെല്ലെടുപ്പ് ഇന്നു മുതല്‍ തുടങ്ങും.എടത്വ കൃഷിഭവന്‍ പരിധിയില്‍ വരുന്ന കുഴിപ്പടവ് പാടത്ത് നെല്ലെടുപ്പ് ആരംഭിച്ചിട്ടില്ല.       നെല്ലെടുപ്പ് ആരംഭിച്ചതോടെ കൊയ്ത്തും സജീവമായി തുടങ്ങി. തകഴി കോനാട്ടുകരി,നന്ത്യാട്ടുകരി,തെന്നടി വടക്കുപുറം പാടങ്ങളില്‍ ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ സംഭരണം ആരംഭിക്കും. തുടര്‍ച്ചയായുണ്ടായ രണ്ടു വെള്ളപ്പൊക്കങ്ങളെ അതിജീവിച്ചാണ് വിളവെടുപ്പ് ആരംഭിച്ചിട്ടുള്ളത്. വിളവെത്തി  ദിവസങ്ങള്‍ കഴിഞ്ഞാണ് പല പാടവും കെയ്ത്താരംഭിച്ചത്.നെല്ലു സംഭരണത്തിനെത്തേണ്ട  മില്ലുടമകള്‍ നിസ്സഹകരണ സമരത്തിലായതാണ് കൊയ്ത്ത് ഇത്രയേറെ താമസിക്കാന്‍ കാരണം.കഴിഞ്ഞ മാസം കരുവാറ്റ കല്‍പ്പകവാടി ഹാളില്‍ വച്ച് മന്ത്രിയുടെ സാന്നിധ്യത്തില്‍ അമ്പലപ്പുഴ,പുറക്കാട്,കരുവാറ്റ,തകഴി തുടങ്ങിയ കരിനിലങ്ങളിലേയും,എടത്വ,ചെറുതന തുടങ്ങിയ പാടശേഖര സെക്രട്ടറിമാര്‍,പ്രസിഡന്റന്മാര്‍,പഞ്ചായത്ത് പ്രസിഡന്റന്മാര്‍,പാഡിമാര്‍ക്കറ്റിങ് ഓഫിസര്‍ന്മാര്‍ എന്നിവരെ വിളിച്ചുകൂട്ടിയ യോഗത്തിലാണ് നെല്ലു സംഭരിക്കാന്‍ നടപടി എടുത്തതും താല്‍ക്കാലികമായി പ്രശ്‌നങ്ങള്‍ അവസാനിക്കുകയും ചെയ്തത്.എന്നാല്‍ മില്ലുടമകളുടെ ആവശ്യം അംഗീകരിക്കാത്തതിനാല്‍ വന്‍കിട മില്ലുകാര്‍  ഇപ്പോഴും വിട്ടുനില്‍ക്കുകയാണ്.  മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കൈകാര്യചെലവ് 134 ല്‍ നിന്നും 214 ആക്കി ഉയര്‍ത്തിയിരുന്നു.എന്നാല്‍ ഒരുക്വിന്റല്‍ നെല്ല് സംഭരിക്കുകയും തിരികെ അരി നല്‍കുമ്പോള്‍ 68കിലോ നല്‍കിയിരുന്നത് 64 കിലോ ആക്കി നിജപെടുത്തണമെന്ന ആവശ്യവും സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഗോഡൗണില്‍ അരി എത്തിച്ച് ഗുണനിലവാര പരിശോധന നടത്തി അരി നല്‍കണമെന്ന നിര്‍ദ്ദേശത്തിന്മേലുള്ള തര്‍ക്കവും തീര്‍പ്പാവാതെ കിടക്കുന്നതാണ് മില്ലുടമകള്‍ വിട്ടുനില്‍ക്കുന്നതെന്നാണ് മന്ത്രി അന്ന് പറഞ്ഞത്.
Next Story

RELATED STORIES

Share it