Alappuzha local

കുട്ടനാട്ടില്‍ നെല്ലിന് ബ്ലാസ്റ്റ്: രോഗബാധ അന്യസംസ്ഥാന വിത്തില്‍ നിന്ന്

എടത്വാ: കുട്ടനാട്ടില്‍ പുഞ്ചകൃഷി പുരോഗമിക്കവെ നെല്ലിന് ബ്ലാസ്റ്റ് രോഗം പിടികൂടിയത് കര്‍ഷകരെ കണ്ണീരിലാഴ്ത്തി. നെല്‍ചെടികളുടെ ഓലയില്‍ കണ്ണിന്റെ കൃഷ്ണമണിയുടെ രൂപത്തില്‍ നിറവ്യത്യാസം സംഭവിച്ച നെല്ലോല ഉണങ്ങി അവിഞ്ഞു നശിക്കുന്ന രീതിയാണ് ബ്ലാസ്റ്റ് രോഗം. ചെറുതന പഞ്ചായത്തിലെ 265 ഏക്കര്‍ വിസ്തൃതിയുള്ള അച്ചനാരി-കുട്ടങ്കേരി പാടശേഖരത്തിലാണ് ഈ രോഗം കണ്ടു വരുന്നത്.
അന്യ സംസ്ഥാനത്തു നിന്നു കൊണ്ടു വന്ന പുതിയ ഇനം വിത്താണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഡി-വണ്‍ വിത്താണ് വര്‍ഷങ്ങളായി ഉപയോഗിക്കുന്നത്. ഇക്കുറി ഉപയോഗിച്ച മാറി ഉപയോഗിച്ച വിത്തിന്റെ വ്യത്യാസമാണ് രോഗത്തിന് കാരണമെന്നാണ് കൃഷിവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഡി-37 എന്ന ഇനം വിത്താണ് ലഭ്യമാക്കിയതെന്ന് പാടശേഖര ഭാരവാഹികള്‍ പറയുന്നു.എന്നാല്‍ ഇങ്ങനെയൊരു വിത്തിനെ കുറിച്ച് കേട്ടിട്ട് പോലുമില്ലെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കിറ്റാസിന്‍ എന്ന മരുന്ന് തളിച്ചാല്‍ രോഗത്തിന് ശമനമാകുമെന്നാണ് മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വിവരം.
പുതിയതരം വിത്തുകള്‍ കൃഷി ചെയ്യുന്നതിന് മുമ്പ് നെല്ല് ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് ആവശ്യമായ ഉപദേശ-നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതായിരുന്നെന്ന് മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രത്തിലെ ഫീല്‍ഡ് ഓഫീസര്‍ മനോജ് തേജസിനോട് പറഞ്ഞു.
പുതിയ വിത്തുകള്‍ കൃഷിയിറക്കുമ്പോള്‍ കുറഞ്ഞ അളവില്‍ ഇറക്കി ഗുണനിലവാരം പഠിച്ച് വേണം വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷിയിറക്കാനെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Next Story

RELATED STORIES

Share it