Alappuzha local

കുട്ടനാട്ടില്‍ അങ്കം മുറുകുന്നു

രാമങ്കരി: കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും നാടായ കുട്ടനാട്ടില്‍ തിരഞ്ഞെടുപ്പ് രംഗം ചൂട് പിടിച്ചു തുടങ്ങിയതോടെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ ഇന്ന് കുട്ടനാട്ടില്‍ പര്യടനം നടത്തും.
അഡ്വ. ജേക്കബ് എബ്രഹാമിന്റെ വിജയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൈകീട്ട് നാലരയ്ക്ക് എടത്വായില്‍ ചേരുന്ന യു ഡി എഫ് കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ തോമസ്‌കുട്ടി മാത്യു സമ്മേളനത്തില്‍ അധ്യഷത വഹിക്കും. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രി പി ജെ ജോസഫ്, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും.
എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ രാമങ്കരിയിലും മങ്കൊമ്പിലുമായി കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് യു ഡിഎഫ് കണ്‍വന്‍ഷന്‍ ചേരുന്നത്. കേരളാ കോണ്‍ഗ്രസ്സുകളുടെ തട്ടകമെന്ന് അറിയപ്പെടുന്ന കുട്ടനാട്ടില്‍ ഇക്കുറി മല്‍സരം തീപാറും. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗം യുഡിഎഫില്‍ ഉറച്ചു നില്‍ക്കാനും മറ്റൊരു വിഭാഗം പാര്‍ട്ടി വിട്ട് എല്‍ഡിഎഫില്‍ ചേരാനും തയ്യാറായ സാഹചര്യമാണുള്ളത്. യൂത്ത ഫ്രണ്ട്(എം) സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ചെറുകാട് രാജിവയ്ക്കുന്നതായി ഇന്നലെ പ്രഖ്യാപിക്കുകയുണ്ടായി.
കര്‍ഷകത്തൊഴിലാളികളുടെ ഉള്‍പ്പെടെ ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശിക സഹിതം വിതരണം നടത്തുകയും മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായ് നെല്ല് സംഭരണം കാര്യക്ഷമമാക്കുകയും ചെയ്തത് യുഡിഎഫ് ക്യാംപുകളില്‍ ആത്മ വിശ്വാസം പകര്‍ന്നിട്ടുണ്ട്. ഹാട്രിക് മോഹവുമായ് സിറ്റിങ് എംഎല്‍എ തോമസ് ചാണ്ടിയും അട്ടിമറി ലക്ഷ്യവുമായി അഡ്വ. ജേക്കബ് എബ്രഹാമും കളത്തിലുണ്ട്. ഇരുവരും രംഗത്തെത്തിയപ്പോള്‍ തന്നെ കുട്ടനാട്ടില്‍ എല്‍ ഡിഎഫ് - യുഡിഎഫ് പോരാട്ടം തീപാറുമെന്ന് ഉറപ്പിച്ചിരുന്നു. തൊട്ടുപിന്നാലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി സുഭാഷ് വാസുവും രംഗത്തെത്തിയത്.
Next Story

RELATED STORIES

Share it