Alappuzha local

കുട്ടനാട്ടിലെ റോഡുകള്‍ തകര്‍ന്നു തുടങ്ങി

രാമങ്കരി: കാലവര്‍ഷം ശക്തിപ്പെട്ടതോടെ കുട്ടനാട്ടിലെ വലുതും ചെറുതുമായ റോഡുകളിലൂടെയുളള യാത്ര നാട്ടുകാര്‍ക്ക് വെല്ലുവിളിയായി.  ടാറിങും മെറ്റലിങും തകര്‍ന്ന് രൂപപ്പെട്ട കുഴികളില്‍ മഴവെള്ളം കെട്ടികിടക്കാന്‍ തുടങ്ങിയതോടെയാണ് ബുദ്ധിമുട്ട്  തുടങ്ങിയത്.
രാമങ്കരി ഗ്രാമപ്പഞ്ചായത്ത് ഏഴാം വാര്‍ഡ് വേഴപ്ര മുതല്‍ മങ്കുഴി വരെയുള്ള നബാര്‍ഡ് റോഡ്, വെളിയനാട് ഗ്രാമപ്പഞ്ചായത്ത് കിടങ്ങറ കുന്നംങ്കരി എന്നിങ്ങനെ പ്രധാന റോഡുകള്‍ക്കു പുറമെ  ഗ്രാവല്‍ മാത്രമിട്ടു നിര്‍മ്മിച്ചിരിക്കുന്ന നിരവധി ചെറു റോഡുകളിലെ കുഴികളിലും വെള്ളം കെട്ടിക്കിടക്കുന്നതിനെത്തുടര്‍ന്ന് യാത്ര ബുദ്ധിമുട്ടായി.
പുളിങ്കുന്നു  ചമ്പക്കുളം മുട്ടാര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ  ഏതാനും റോഡുകളും ഇങ്ങനെ തകര്‍ന്ന കൂട്ടത്തില്‍ പെടും.  ഇവിടങ്ങളില്‍ ഓട്ടോറിക്ഷകള്‍ പോലും സര്‍വീസ് നടത്താന്‍ മടി കാണിക്കുന്നത് ദുരിതം ഇരട്ടിയാക്കുന്നതായായാണ് യാത്രക്കാര്‍ക്ക് പരാതി.
കെട്ടിനില്‍ക്കുന്ന മഴവെള്ളം ഒഴിഞ്ഞുപോകാന്‍ മാര്‍ഗമില്ലാത്തതാണ് മിക്കയിടത്തും റോഡുകള്‍ തകരുന്നതിന് പ്രധാന കാരണം.
ഇതിനൊക്കെ പുറമെ എ സി റോഡില്‍ മങ്കൊമ്പ് മുതല്‍ ഒന്നാംങ്കര ജങ്ക്ഷന്‍ വരെയും പിന്നീട് നെടുമുടി വരെയുമുള്ള ഭാഗത്ത് രൂപപ്പെട്ടിട്ടുള്ള കുഴികളും യാത്രക്കാരുടെ ജീവന് പോലും ഭീഷണിയായി മാറിയിട്ടുണ്ട്.  കാലവര്‍ഷം ശക്തമായതും  റോഡിന്റെ ശോചനീയാവസ്ഥയും  ടുവീലര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ എപ്പോള്‍ വേണമെങ്കിലും അപകടത്തില്‍ പെടുന്നതിന് കാരണമാകുകയാണ്.
പ്രധാന റോഡുകളുടെ കാര്യത്തില്‍  പൊതുമരാമത്തു വകുപ്പും ഗ്രാവല്‍ റോഡുകളുടെ പ്രശ്‌നത്തില്‍ ഗ്രാമപഞ്ചായത്തുകളും  അടിയന്തിര നടപടി സ്വീകരിക്കാന്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ  പ്രധാന ആവശ്യം  പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിക്കുക കൂടി ചെയ്തതോടെ അംഗവാനികളിലുള്‍പ്പെടെ പഠിക്കുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ വരെ യാത്രയുടെ ദുരിതം പേറുന്നവരില്‍ പെടും.
Next Story

RELATED STORIES

Share it