കുടുക്കിയത് ചെരിപ്പും മൊബൈല്‍ ഫോണും

കൊച്ചി: ജിഷ വധക്കേസ് തെളിയിക്കുന്നതില്‍ നിര്‍ണായകമായത് പ്രതിയുടെ ചെരിപ്പും ഫോണും. ജിഷയുടെ വീടിനടുത്ത കനാലില്‍ നിന്നാണ് സിമന്റ് പറ്റിയ കറുത്ത റബര്‍ ചെരിപ്പ് കിട്ടിയത്. ഇതു കൂടുതലായും ഇതരസംസ്ഥാന തൊഴിലാളികളാണ് ഉപയോഗിക്കുന്നതെന്ന്  ബോധ്യമായി. തിരിച്ചറിയുന്നതിനായി ഇവ പ്രദേശത്ത് പരസ്യമായി പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ജിഷയുടെ വീട് സന്ദര്‍ശിച്ച ഡിജിപി ചെരിപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ ചെരിപ്പില്‍ കണ്ടെത്തിയ രക്തം ജിഷയുടേതാണെന്നു തെളിഞ്ഞു. തുടര്‍ന്ന്  ഉടമയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതി ചെരിപ്പ് വാങ്ങിയ കടയും കടയുടമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സുഹൃത്തുക്കളെയും  കണ്ടെത്തി. അമീറുല്‍ ഇസ്‌ലാം ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ച് സൈബര്‍സെല്‍ നടത്തിയ അന്വേഷണവും പ്രതിയെ തിരിച്ചറിയാന്‍ സഹായകമായി. അമീറും ജിഷയും ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ മൊബൈല്‍ സേവന ദാതാവ് നല്‍കിയ രേഖയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ജിഷ കൊല്ലപ്പെട്ട ശേഷം അമീറിന്റെ ഫോണില്‍നിന്ന്  കോളുകള്‍ പോയിരുന്നില്ല. അസമിലേക്കു കടന്ന പ്രതി സിംകാര്‍ഡ് ഉപേക്ഷിച്ചെങ്കിലും ഫോണ്‍ സൂക്ഷിച്ചു.  തുടര്‍ന്ന് കാഞ്ചീപുരത്തെത്തി കൊറിയര്‍ കമ്പനിയില്‍ ജോലിക്കു കയറിയ ശേഷമാണു പുതിയ സിംകാര്‍ഡിട്ട് ഫോണ്‍ ഓണ്‍ ചെയ്തത്. ഇതോടെ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്താനായി. ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ട പെരുമ്പാവൂരിലെ സുഹൃത്തുക്കളെ  ചോദ്യംചെയ്തതോടെ നിജസ്ഥിതി ബോധ്യപ്പെട്ടു.   ജോലി കഴിഞ്ഞിറങ്ങിയ അമീര്‍ പോലിസ് വളഞ്ഞതോടെ പ്രതിരോധമൊന്നുമില്ലാതെ കീഴടങ്ങുകയായിരുന്നു.
Next Story

RELATED STORIES

Share it