malappuram local

കുടുംബ വേരു തേടി മലേസ്യയില്‍നിന്ന് സുബൈദ തിരൂരില്‍

താനൂര്‍: മൂന്നു തലമുറകളെ ബന്ധിപ്പിക്കുന്ന തന്റെ കുടുംബ വേരുകള്‍ തേടി മലേസ്യയില്‍ കുടുംബസമേതം കഴിയുന്ന സുബൈദ തിരൂരിലെത്തി. തിരൂര്‍ വെട്ടത്ത് പുതിയങ്ങാടി വൈദ്യര്‍ സൈതാലി തറവാട്ടിലെ പ്രമുഖനായിരുന്ന കമ്മു, തന്റെ പുതിയങ്ങാടിയിലെ വീട്ടില്‍ നിന്ന് ജോലിയാവശ്യാര്‍ഥം മലേസ്യയിലേക്കു പോയതോടെയാണ് വൈദ്യര്‍ സൈതാലി കുടുംബത്തിന് അക്കരെയുള്ള മലായില്‍ കുടുംബ ശൃംഖല വളരാന്‍ തുടങ്ങിയത്.
ഒരുകാലത്ത് വ്യാപാര ആവശ്യങ്ങള്‍ക്കും ജോലി ആവശ്യാര്‍ഥവും നിരവധി പേര്‍ മലബാറില്‍നിന്നു മലേസ്യയിലേയ്ക്കുപോയിരുന്നു. അക്കാലത്താണ് കമ്മുവും പോയത്. കമ്മുവിന്റെ മൂന്നുമക്കളില്‍ രണ്ടാമത്തെ മകന്‍ മൊയ്തീന്റെ മകള്‍ സുബൈദയാണ് തന്റെ കുടുംബാംഗങ്ങളെ അന്വേഷിച്ചെത്തിയിരിക്കുന്നത്. സുൈബദയുടെ പിതാമഹന്‍ കമ്മു മലേസ്യയില്‍നിന്ന് വിവാഹം ചെയ്തതിലൂടെയാണ് ഞങ്ങള്‍ മലേസ്യക്കാരായതെന്ന് സുബൈദ പറയുന്നു. തന്റെ മാതാവ് ആയിഷാമ്മയും സഹോദരങ്ങളും മലേസ്യയില്‍ കഴിയുന്നുവെന്നും പിതാവ് മൊയ്തീന്‍ ജീവിച്ചിരിപ്പില്ലെന്നും സുബൈദ പറഞ്ഞു. ഭര്‍ത്താവ് മുഹമ്മദ് ഇബ്ന്‍ ഉമര്‍ എന്ന മുസ്തഫ സുബൈദയ്‌ക്കൊപ്പമുണ്ട്. ഒരുവര്‍ഷം മുമ്പ് സുബൈദയുടെ സഹോദരനും പിതൃസഹോദര പുത്രനും വെട്ടത്തും പുതിയങ്ങാടിയിലും തിരൂരിലും അന്വേഷിച്ചെത്തിയെങ്കിലും കുടുംബാംഗങ്ങളെ കണ്ടെത്താനാവാതെ മടങ്ങുകയായിരുന്നു. മൂന്നു ദിവസം മുമ്പ് താനൂരിലെത്തിയ താനും ഭര്‍ത്താവും വെട്ടത്ത് പുതിയങ്ങാടിയില്‍ ചെന്ന് അന്വേഷിച്ചിട്ടും തുമ്പൊന്നും കണ്ടെത്താനായില്ലെന്നു സുബൈദ പറഞ്ഞു. സുന്ദരമായി മലയാളം സംസാരിക്കുന്ന സുബൈദയോട് മലയാളം എങ്ങനെ സംസാരിക്കാന്‍ കഴിയുന്നുവെന്ന ചോദ്യത്തിന് കുട്ടിക്കാലം മുതല്‍ ഞങ്ങള്‍ മലബാരികളുടെ വീടുകളില്‍ മലയാളമാണ് സംസാരിക്കുന്നതെന്നും ഔദ്യോഗിക കാര്യങ്ങളിലും പുറത്തും മാത്രമേ മലായി ഭാഷ സംസാരിക്കാറുള്ളുവെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ ഉപ്പൂപ്പമാരുടെ നാട് ഞങ്ങളുടെ സ്വന്തം നാടാണെന്നും അതു നിലനിര്‍ത്താന്‍ മലയാള ഭാഷ സംസാരിക്കുന്നതിലൂടെ കഴിയുന്നുവെന്നും സുബൈദ പറയുന്നു.
കുടുംബത്തെ കാണാനുള്ള അടങ്ങാത്ത ആഗ്രഹമാണ് കുടുംബ വേരുകള്‍ തേടി തിരൂരിലെത്തിയതെന്നും വൈദ്യര്‍ സൈതാലി തറവാട് അന്വേഷിച്ചാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് മാതാവും മലേസ്യയിലുള്ള മറ്റു കുടുംബങ്ങളും പറഞ്ഞിരുന്നുവെന്ന് സുബൈദ പറഞ്ഞു.
പത്തുദിവസം ഇവിടെ കഴിയുമെന്നും കുടുംബത്തെ കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും സുബൈദയും ഭര്‍ത്താവ് മുസ്തഫയും പറയുന്നു. താനൂരിലെ എം ടി അബ്ദുല്‍ അസീസ് ഹാജിയാണ് ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it