കുടുംബാംഗങ്ങളില്‍ നിന്ന് വീണ്ടും മൊഴിയെടുത്തു

പെരുമ്പാവൂര്‍: ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് നിയമവിദ്യാര്‍ഥി ജിഷയുടെ ഘാതകനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി ജിഷയുടെ മാതാവില്‍നിന്നും സഹോദരിയില്‍നിന്നും വീണ്ടും മൊഴിയെടുത്തു. ജിഷയുടെ സഹോദരി ദീപയെ കഴിഞ്ഞ ദിവസം പോലിസ് ചോദ്യംചെയ്തിരുന്നു. അന്നു ലഭിക്കാതിരുന്ന ചില വിവരങ്ങള്‍ ശേഖരിക്കാനാണ് ഇന്നലെ മൊഴി രേഖപ്പെടുത്തിയത്.
പോലിസ് കസ്റ്റഡിയിലുള്ള നാലുപേരെ അജ്ഞാതകേന്ദ്രത്തില്‍ ചോദ്യംചെയ്തുവരുകയാണ്. ഇതില്‍ ഒരാള്‍ ജിഷയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സംഭവദിവസം അയല്‍വാസികള്‍ കണ്ടതായി പറയുന്നയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുനീങ്ങുന്നത്. ഇയാളുടെ വസ്ത്രം നനഞ്ഞിരുന്നതായും അതല്ല നനയാത്ത വസ്ത്രമാണ് ധരിച്ചിരുന്നതെന്നുമുള്ള രീതിയിലുള്ള രണ്ടു മൊഴികളാണു ലഭിച്ചത്. ഇവ യാഥാര്‍ഥ്യമാവാനുള്ള സാധ്യതയാണ് പോലിസ് കണക്കുകൂട്ടുന്നത്. ജിഷയുടെ വീടുപോലെ തന്നെ ഇയാള്‍ക്ക് കയറിച്ചെല്ലാന്‍ സ്വാതന്ത്ര്യമുള്ള ഒരു വീട് പരിസരത്തുണ്ടെന്നാണ് നിഗമനം. ഈ വീട്ടില്‍ വച്ച് ഇയാള്‍ വസ്ത്രം മാറിയിരിക്കാമെന്നും അനുമാനിക്കുന്നു.
രണ്ടു വിരലടയാളങ്ങള്‍ ആധാര്‍ കേന്ദ്രത്തിലെത്തിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജിഷയുടെ വീടിനു സമീപമുള്ളവരുടെ വിരലടയാളം ശേഖരിക്കല്‍ ഇന്നലെയും തുടര്‍ന്നു. രായമംഗലം പഞ്ചായത്തിലെ ഒന്ന്, 20 വാര്‍ഡുകളിലെ 350 പേരുടെ വിരലടയാളം ശേഖരിച്ചു.
Next Story

RELATED STORIES

Share it