wayanad local

കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി വ്യാപിപ്പിക്കുന്നു

കല്‍പ്പറ്റ: കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ഉപഭോക്താവിന്റെ വീട്ടുമുറ്റത്തെത്തുന്ന 'ഹോം ഷോപ്പ്' പദ്ധതി ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലേക്കും വ്യാപിപ്പിക്കുന്നതിന് ജില്ലാ മിഷന്‍ നടപടി തുടങ്ങി. ഒരു വാര്‍ഡില്‍ നിന്നു രണ്ടു പേര്‍ക്ക് വീതം അവസരം നല്‍കി പദ്ധതി ജില്ല മുഴുവന്‍ നടപ്പാക്കുന്നതോടെ 1,000 വനിതകള്‍ക്ക് ഉപജീവനം ഉറപ്പാക്കാനാവും. കുടുംബശ്രീയുടെ മുഴുവന്‍ ഉല്‍പന്നങ്ങളും ഹോം ഷോപ്പിലൂടെ ഉപഭോക്താക്കളുടെ വീട്ടുപടിക്കലെത്തിക്കാനും നടപടി സ്വീകരിക്കും.
കുടുംബശ്രീയുടെ ചെറുകിട സംരംഭങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ തനിമ, ഗുണനിലവാരം, പരിശുദ്ധി എന്നിവ ഉറപ്പുവരുത്തി മികച്ച പാക്കിങോടെയാണ് വീടുകളിലെത്തിക്കുന്നത്. പുറം മാര്‍ക്കറ്റ് ഉല്‍പന്നങ്ങളേക്കാള്‍ ഗുണനിലവാരവും വിലക്കുറവും ലഭിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ഹോം ഷോപ്പ് ഉല്‍പന്നങ്ങള്‍ക്കുള്ളത്.
ഉല്‍പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളുടെ വീട്ടുമുറ്റത്തെത്തിക്കുന്നതിന് വൈദഗ്ധ്യ പരിശീലനം ലഭിച്ച കണ്ണികളാണ് ഹോം ഷോപ്പ് ഓപറേറ്റര്‍മാര്‍. ജില്ലയില്‍ പദ്ധതി വ്യാപിപ്പിക്കുന്നതോടെ എച്ച്എസ്ഒമാരുടെ വീടുകളില്‍ നിന്ന് ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് വാങ്ങാനാവും.
കറി പൗഡറുകള്‍, അരിപ്പൊടി, അച്ചാര്‍, സോപ്പ്, സോപ്പുപൊടി, മെഴുകുതിരി, ക്ലീനിങ് ലോഷനുകള്‍, പലഹാരങ്ങള്‍ തുടങ്ങിയ നിരവധി ഉല്‍പന്നങ്ങളാണ് നിലവില്‍ ഹോം ഷോപ്പിലൂടെ വിപണനം ചെയ്യുന്നത്. മായം കലര്‍ന്ന വിഷലിപ്തമായ ഭക്ഷ്യോല്‍പന്നങ്ങളില്‍ നിന്നും മറ്റ് നിത്യോപയോഗ സാധനങ്ങളില്‍ നിന്നും രക്ഷനേടാനായി കുടുംബശ്രീ യൂനിറ്റുകളുടെ ഉല്‍പന്നങ്ങള്‍ മാത്രമായിരിക്കും ഹോം ഷോപ്പിലൂടെ വിപണനം ചെയ്യുക.
പദ്ധതി മേല്‍നോട്ടത്തിനായി സജ്ജമാക്കിയ അഞ്ചംഗ മാര്‍ക്കറ്റിങ് മാനേജ്‌മെന്റ് ടീമാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നയിക്കുന്നത്. ഉല്‍പന്നങ്ങളുടെ ശേഖരണം, ബ്രാന്റിങ്, പാക്കിങ്, ലേബലിങ്, വിലനിര്‍ണയം, പിന്തുണാ സംവിധാനം, ആവശ്യമെങ്കില്‍ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുകയും സഹായിക്കുകയുമാണ് മാര്‍ക്കറ്റിങ് മാനേജ്‌മെന്റ് ടീമിന്റെ ചുമതല.
കമ്പളക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോം ഷോപ്പ് മാനേജ്‌മെന്റ് ടീമിന്റെ ഓഫിസ് ഉദ്ഘാടനം എം വി ശ്രേയാംസ്‌കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി പി മുഹമ്മദ് പദ്ധതി വിശദീകരണം നടത്തി.
പരിശീലനം നേടിയ എച്ച്എസ്ഒമാര്‍ക്കുള്ള ബാഗ് വിതരണം പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കുഞ്ഞായിഷ നിര്‍വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം ഫൈസല്‍, മെംബര്‍ സുനീറ പഞ്ചാര, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സീനത്ത് തന്‍വീര്‍, ജില്ലാ കണ്‍സള്‍ട്ടന്റ് എസ് ഷീന സംസാരിച്ചു.
Next Story

RELATED STORIES

Share it