Kollam Local

കുടുംബശ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു



കൊല്ലം: കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കുടുംബശ്രീ സ്‌കൂള്‍ യാഥാര്‍ത്ഥ്യമാവുന്നു. കുടുംബശ്രീ അംഗങ്ങള്‍ക്ക് അയല്‍ക്കൂട്ടതലത്തില്‍ പരിശീലനം നല്‍കുന്നതിനായി 128000 അനൗപചാരിക അധ്യാപകരെ സന്നദ്ധ പരിശീലകരായി നിയമിച്ചുകൊണ്ടാണ് നടപ്പാക്കുക.  കുടുംബശ്രീ സിഡിഎസ്, എഡിഎസ്തലത്തില്‍ വോളണ്ടറി റിസോഴ്‌സ് പേഴ്‌സണ്‍മാരായി  നിയമിക്കപ്പെടുന്നവരാണ് അധ്യാപകര്‍. സി ഡി എസില്‍ (പഞ്ചായത്ത്തലം) ഒരാള്‍ എന്ന ക്രമത്തിലും എ ഡി എസ്(വാര്‍ഡി)ല്‍ ആറു പേര്‍ എന്ന ക്രമത്തിലുമാണ് സന്നദ്ധ പ്രവര്‍ത്തകരുടെ നിയമനം. കൂടാതെ കുടുംബശ്രീ മോണിറ്ററിംഗ് ഗ്രൂപ്പായ കര്‍മ്മയുടെ ട്രെയിനേഴ്‌സിന്റെയും, മറ്റ് വിദഗ്ധ ഫാക്കല്‍റ്റിയുടെയും സേവനവും ആദ്യഘട്ടത്തില്‍ പരിശീലനത്തിനായി ലഭ്യമാക്കും. ഇതോടെ സര്‍ക്കാരിന്റെ മുഴുവന്‍ പദ്ധതികളുടേയും പ്രയോക്താക്കളും പ്രചാരകരുമായി കുടുംബശ്രീ വനിതകള്‍ മാറും. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമത്തിനും മദ്യം മയക്കുമരുന്ന് തുടങ്ങിയ സാമൂഹിക വിപത്തിനെതിരെയുള്ള ചെറുത്ത് നില്‍പ്പും ഈ ബൃഹത് പഠനപദ്ധതി ലക്ഷ്യമിടുന്നു.                     സ്‌കൂളിന്റെ സംസ്ഥാന തല ഉദ്ഘാടനം 21ന് തിരുവനന്തപുരം ജില്ലയിലെ ഒരു അയല്‍ക്കൂട്ടത്തില്‍ ക്ലാസ്സ് എടുത്തു കൊണ്ട് മുഖ്യമന്ത്രി  പിണറായി വിജയന്‍ നിര്‍വ്വഹിക്കും. അന്നേ ദിവസം ജില്ലകളില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ അയല്‍ക്കൂട്ട തലത്തില്‍ ക്ലാസ്സുകള്‍ നയിച്ചുകൊണ്ട് തുടര്‍ന്നു വരുന്ന ആറു ശനി, ഞായര്‍ ദിവസങ്ങളിലായി ക്ലാസുകള്‍ പൂര്‍ത്തിയാകും. പങ്കെടുക്കുന്ന അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് കുടുംബശ്രീ പദ്ധതികളെയും സംഘടനയേയും സംബന്ധിച്ചുള്ള സമ്പൂര്‍ണ കൈപ്പുസ്തകവും സാക്ഷ്യപത്രവും നല്‍കും. ഇനി മുതല്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും വാര്‍ഷിക പുതുക്കലിനും സ്‌കൂള്‍ പൂര്‍ത്തീകരിച്ചു കൊണ്ടുള്ള സാക്ഷ്യപത്രം നിര്‍ബന്ധമായിരിക്കും.കുടുംബശ്രീ സംഘടനാ സംവിധാനം, പദ്ധതികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍, അഴിമതി വിമുക്ത സമൂഹം, ആരോഗ്യ-ശുചിത്വ-കാര്‍ഷിക മേഖലയില്‍ ഏറ്റെടുക്കുന്ന പരിപാടികള്‍, മദ്യ-മയക്കു മരുന്ന് ഉപയോഗത്തിനെരെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നീ ആറു വിഷയങ്ങളാണ് സ്‌കൂളിന്റെ സിലബസ്.കൊല്ലം ജില്ലയില്‍ നിലവില്‍ 75 സിഡിഎസുകളും, 1431 എ ഡി എസുകളും ആണ് കുടുംബശ്രീ സംവിധാനത്തിന് കീഴില്‍ ഉള്ളത്. 24031 അയല്‍ക്കൂട്ടങ്ങളിലായി രണ്ടര  ലക്ഷം അംഗങ്ങളുള്ള ജില്ലയില്‍ 8650 റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് സ്‌കൂള്‍ മുന്നോട്ട് നയിക്കുക. കുടംബശ്രീ പ്രവര്‍ത്തകരായ അക്കാഡമിക് യോഗ്യതയുള്ള സിഡിഎസ്, എഡിഎസ് റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ സന്നദ്ധ സേവനം എന്ന നിലക്കാണ് വേതനമോ മറ്റ് ആനുകൂല്യങ്ങളോ കൈപ്പറ്റാതെ ഈ അനൗപചാരിക പഠന സ്‌കൂളിനെ യഥാര്‍ത്ഥ്യമാക്കാന്‍ പരശ്രമിക്കുന്നത്.സ്‌കൂള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി റിസോഴ്‌സ് അധ്യാപകര്‍ക്കുള്ള വിവിധങ്ങളായ പരശീലന പരിപാടികളുടെ ആദ്യഘട്ടം എന്ന നിലയില്‍ സിഡിഎസ്സിലെ മാസ്റ്റര്‍ അധ്യാപകര്‍ക്കും, മോണിറ്ററിങ് ടീമായ കര്‍മ്മയിലെ ട്രെയിനികള്‍ക്കുമായി കൊട്ടിയം അനിമേഷന്‍ സെന്ററില്‍ ദ്വിദിന റസിഡന്‍ഷ്യല്‍ ജില്ലാതല പരിശീലനം നടന്നു. പരിശീലന പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം  ശിവശങ്കര പിള്ള നിര്‍വ്വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എ ജി സന്തോഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ വി. ആര്‍ അജു, എ മുഹമ്മദ് അന്‍സര്‍, വി എസ് സ്മിത എന്നിവര്‍ സംസാരിച്ചു. എഡിഎസ്സ് തലത്തിലുള്ള അധ്യപകരുടെ പരിശീലനം ഈ മാസം 12, 13, 14 തിയ്യതികളിലായി പഞ്ചായത്ത് തലത്തില്‍ നടത്തും.
Next Story

RELATED STORIES

Share it