Alappuzha local

കുടുംബശ്രീ സ്ത്രീ അധികാര കേന്ദ്രങ്ങളെക്കുറിച്ചുള്ള മനോഭാവം മാറ്റി: മന്ത്രി

ആലപ്പുഴ: കുടുംബശ്രീയുടെ രണ്ടു പതിറ്റാണ്ടായുള്ള പ്രവര്‍ത്തനത്തിലൂടെ സമൂഹത്തില്‍ സ്ത്രീയും അധികാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ധാരണതന്നെ മാറിയതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാ വാര്‍ഷികത്തിന്റെ ഭാഗമായി കാര്‍മല്‍ പോളി ടെക്‌നിക് ഗ്രൗണ്ടില്‍ ആരംഭിച്ച കലാ-കായിക മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ഇരുപതുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ കുടുംബശ്രീ പ്രസ്ഥാനം ലോകത്തിനുതന്നെ അനുകരണീയ മാതൃകയായി.രാജ്യപുരോഗതിക്ക് സ്ത്രീപുരുഷന്മാര്‍ക്ക് തുല്യനീതി എന്ന ആശയം അടിത്തട്ടില്‍ ഉറപ്പിക്കാന്‍ കുടുംബശ്രീ പ്രസ്ഥാനം വഴി കഴിഞ്ഞു.  അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമ്പത്തിക മുന്നേറ്റം, സുസ്ഥിരവികസനം എന്നിവയ്ക്ക് കുടുംബശ്രീ അടിത്തറപാകി. സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെയാണ് ഇത്തരം കൂട്ടായ്മകള്‍  ഇനി കൂടുതലായി വിരല്‍ചൂണ്ടേണ്ടതെന്ന്് മന്ത്രി പറഞ്ഞു. ശബരിമല അയ്യപ്പ ചരിത്രവും പരമശിവന്റെ അര്‍ദ്ധനാരീശ്വര സങ്കല്പങ്ങളും സ്ത്രീപുരുഷ അസമത്വത്തിന്റെ  ഉജ്ജ്വല ഏടുകളായി നമുക്കുമുന്‍പിലുണ്ട്. സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ആവുമ്പോഴെല്ലാം കുടുംബശ്രീയെ പറ്റി ചിന്തിക്കുന്നുവെന്നത് തന്നെ ആ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ തെളിവാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ലാപഞ്ചായത്ത് വൈസ് ചെയര്‍പേഴ്‌സന്‍ ദലീമാജോജോ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകന്‍ കെ.മധു മുഖ്യാതിഥിയായി. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കുടുംബശ്രീ ഉണര്‍ന്നെണീക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാപഞ്ചായത്തംഗം മണി വിശ്വനാഥ്, എആര്‍ കണ്ണന്‍,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എസ് മായാദേവി, ജേക്കബ് ഉമ്മന്‍,  ഡിഎംസി സുജ ഈപ്പന്‍,  എം സുധര്‍മ, സിന്ധു,  പി സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 100 മല്‍സരാര്‍ഥികളാണ് വിവിധ കായിക മത്സരങ്ങള്‍ക്കായി അണിനിരന്നത്. വ്യക്തിഗത മല്‍സരങ്ങള്‍ക്ക് മാത്രമായി 79 പേര് രജിസ്റ്റര്‍ ചെയ്തു. 100,200,400,800 മീറ്റര്‍ ഓട്ടം, റിലേ, വോളി, ഫുട്‌ബോള്‍, ഷോട്ട്പുട്ട്, വടംവലി തുടങ്ങിയ മത്സരങ്ങളും കുടുംബശ്രീ അംഗങ്ങള്‍ക്കായി അരങ്ങേറും.
Next Story

RELATED STORIES

Share it