Flash News

കുടുംബശ്രീ വാര്‍ഷിക സംഗമം സമാപിച്ചു ; സ്ത്രീ ശാക്തീകരണത്തിനു മുന്‍തൂക്കം നല്‍കും : പിണറായി വിജയന്‍



ആലപ്പുഴ: സാധാരണക്കാരായ സ്ത്രീകളുടെ ജീവിതം പ്രകാശപൂരിതമാക്കുന്ന പദ്ധതികള്‍ക്കും സ്ത്രീ ശാക്തീകരണത്തിനും സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷത്തോടും കുടുംബശ്രീയുടെ 19ാം വാര്‍ഷികത്തോടുമനുബന്ധിച്ച് ആലപ്പുഴ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസുരക്ഷ മാത്രമല്ല സാമൂഹിക-സാമ്പത്തിക സുരക്ഷയും സ്ത്രീക്കു ലഭ്യമാവുന്ന സ്ഥിതി വേണം. പൊതു ഇടങ്ങള്‍ സ്ത്രീക്കു പ്രാപ്യമാവണം. വിവിധ ആവശ്യങ്ങള്‍ക്കായി നഗരങ്ങളില്‍ എത്തുന്ന സ്ത്രീകള്‍ക്കു സുരക്ഷിതമായി താമസിക്കുന്നതിനു സ്ത്രീകള്‍ക്കു മാത്രമായുള്ള ലോഡ്ജുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. തൊഴിലവസരം സൃഷ്ടിച്ച് സ്ത്രീകള്‍ക്കു സാമ്പത്തിക ഉന്നമനം നേടിക്കൊടുക്കാനുള്ള ശ്രമമാണു സര്‍ക്കാര്‍ നടത്തുന്നത്. ഇതിനായി പുതിയ വ്യവസായസംരംഭങ്ങള്‍ ആരംഭിക്കുന്നതിനു പ്രോല്‍സാഹനം നല്‍കുന്നു. സ്ത്രീകള്‍ക്കായി പട്ടണങ്ങളില്‍ വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യം ഒരുക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. കുടുംബശ്രീക്കായി 161 കോടി രൂപ ബജറ്റില്‍ മാറ്റിവച്ചു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിനായി 250 കോടി രൂപയുണ്ട്. കുടുംബശ്രീ ഊര്‍ജ്ജസ്വലമായ 19 വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുന്നു. കുടുംബശ്രീക്കെതിരായ നീക്കങ്ങള്‍ വിജയിക്കാതിരുന്നതു പ്രസ്ഥാനത്തിന്റെ കരുത്തുകൊണ്ടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ 19,140 അയല്‍ക്കൂട്ടങ്ങള്‍ പുതുതായി ആരംഭിക്കാനായെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരുടെ ഹോണറേറിയം 4000 രൂപയില്‍ നിന്ന് 6000 ആക്കിയെന്നും ജലീല്‍ പറഞ്ഞു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍, നകാര്യവകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്, ഫിഷറീസ് വകുപ്പുമന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍, ഗതാഗതമന്ത്രി തോമസ് ചാണ്ടി, എംഎല്‍എമാരായ അഡ്വ. എ എം ആരിഫ്, ആര്‍ രാജേഷ്, അഡ്വ. യു പ്രതിഭ ഹരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍, മുന്‍ എംപി അഡ്വ. സി എസ് സുജാത, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍, ഡയറക്ടര്‍ എന്‍ കെ ജയ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, സജി ചെറിയാന്‍, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ നാസര്‍,  പി ചിത്തരഞ്ജന്‍, നഗരസഭാംഗങ്ങളായ ഡി ലക്ഷ്മണന്‍, ജി ശ്രീജിത സംസാരിച്ചു.
Next Story

RELATED STORIES

Share it