wayanad local

കുടുംബശ്രീ വാര്‍ഷികം ആഘോഷിച്ചു : സുല്‍ത്താന്‍ ബത്തേരി താലൂക്കിന് ഓവറോള്‍ കിരീടം



കല്‍പ്പറ്റ: വേറിട്ട കലാ പ്രകടനങ്ങള്‍ക്കും മത്സരങ്ങള്‍ക്കും  വേദിയൊരുക്കി കുടുംബശ്രീ വാര്‍ഷികം ആഘോഷിച്ചു. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലും എസ്‌കെഎംജെ ഹൈസ്‌കൂളിലുമായി നടന്ന  കലോത്സവത്തിന് സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങളാണെത്തിയത്. വീട്ടമ്മമാരുടെ ചടുല നൃത്തച്ചുവടുകള്‍ക്കും ഒപ്പനക്കും ശിങ്കാരിമേളത്തിനും വേദിയായ ചന്ദ്രഗിരി ഓഡിറ്റോറിയം നാടകാവതരണമായതോടെ നിറഞ്ഞു കവിഞ്ഞു. ആദ്യ ഇനമായ നാടോടി നൃത്തം മുതല്‍ ഓരോ മത്സരത്തിലും ആവേശത്തോടെ പങ്കാളികളായ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഓരോ പ്രകടനങ്ങളും നിറഞ്ഞ കൈയ്യടികളോടെ നെഞ്ചേറ്റി. സംഗീത മത്സരങ്ങള്‍ക്ക് വേദിയായ എസ്‌കെഎംജെ ഹൈസ്‌കൂളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ലളിതഗാനവും മാപ്പിളപ്പാട്ടും സംഘഗാനവുമെല്ലാം ആസ്വാദകര്‍ക്ക് ഉജ്ജ്വല വിരുന്നായി. ഇരുത്തം വന്ന കലാകാരന്‍മാരെ പിന്നിലാക്കും വിധമായിരുന്നു പല ഇനങ്ങളിലും കുടുംബശ്രീക്കാരുടെ പ്രകടനം.സ്‌റ്റേജ് ഇനങ്ങളില്‍ പതിനാറും സ്‌റ്റേജിതര ഇനങ്ങളില്‍ ഏഴെണ്ണത്തിലുമാണ് മത്സരംനടന്നത്. ആകെ                        110 പോയിന്റ് നേടിയ സുല്‍ത്താന്‍ ബത്തേരി താലൂക്കിനാണ് ഓവറോള്‍ കിരീടം. രണ്ടാം സ്ഥാനം                     വൈത്തിരി താലൂക്കിനും മൂന്നാം സ്ഥാനം മാനന്തവാടി താലൂക്കിനും ലഭിച്ചു. സി.ഡി.എസ്സുകളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയത് കണിയാമ്പറ്റ സിഡിഎസ്സാണ്. അമ്പലവയല്‍, പനമരം എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. മിമിക്രി, മോണോ ആക്ട് എന്നീ മത്സരങ്ങളില്‍ ഒന്നാം സ്ഥാനങ്ങള്‍ നേടിയ വെങ്ങപ്പള്ളി സിഡിഎസിലെ സരോജിനി കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു. സി കെ ശശീന്ദ്രന്‍ എംഎല്‍എ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി ഉഷാകുമാരി അധ്യക്ഷത വഹിച്ചു. കലാമത്സരങ്ങള്‍ ചലച്ചിത്ര താരം അബൂസലീം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസുകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഒ ആര്‍ കേളു എംഎല്‍എ വിതരണം ചെയ്തു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലത ശശി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പി സാജിത, അസി.കോഓര്‍ഡിനേറ്റര്‍ കെ പി ജയചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മറ്റു ജന പ്രതിനിധികള്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it