thiruvananthapuram local

കുടുംബശ്രീ യൂനിറ്റ് പ്രസിഡന്റിന് സസ്‌പെന്‍ഷന്‍; പോലിസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി

കോവളം: വെങ്ങാനൂര്‍ പഞ്ചായത്തിന്റെ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി യൂനിറ്റുകള്‍ക്കെന്ന വ്യാജേന 40 ലക്ഷം ബാങ്ക് വായ്പ തരപ്പെടുത്തി തട്ടിപ്പുനടത്തിയ അംഗത്തെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
പഞ്ചായത്തിലെ മംഗലത്തുകോണം ശ്രീനാരായണ കുടുംബശ്രീ യൂനിറ്റ് പ്രസിഡന്റ് ജയയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. സിഡിഎസ് ചെയര്‍പേഴ്‌സന്റെ പേരില്‍ വ്യാജ ലെറ്റര്‍പാഡും സീലും ഉണ്ടാക്കി പഞ്ചായത്ത് രേഖകളിലില്ലാത്ത എട്ട് കുടുംബശ്രീ യൂനിറ്റുകളുടെ പേരില്‍ പഞ്ചായത്തിന്റെ അധികാര പരിധിവിട്ട് ബാലരാമപുരത്തെ എസ്ബിടി ശാഖയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വീതം വായ്പയെടുത്താണ് ജയ തട്ടിപ്പുനടത്തിയത്. ഇതില്‍ ആറ് യൂനിറ്റുകള്‍ അഞ്ച് ലക്ഷം വീതം കൈപ്പറ്റിക്കഴിഞ്ഞു. രണ്ട് യൂനിറ്റുകള്‍ക്കുള്ള 10 ലക്ഷം കൈപ്പറ്റുന്നതിന് മുമ്പാണ് വിഷയം വിവാദമായത്.
കഴിഞ്ഞ ഡിസംബറിലാണ് വായ്പാ തട്ടിപ്പ് പുറത്തായത്. എന്നാല്‍ നാളിതുവരെ പോലിസ് കേസ് എടുക്കാന്‍ തയ്യാറായിട്ടില്ല. പഞ്ചായത്തിലെ കുടുംബശ്രീ മെംബര്‍ സെക്രട്ടറി വിഴിഞ്ഞം പോലിസില്‍ പരാതി നല്‍കിയെങ്കിലും പോലിസ് ഒരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷത്തെ എല്‍ഡിഎഫ് അംഗങ്ങള്‍ അടിയന്തര പഞ്ചായത്ത് കമ്മിറ്റി വിളിക്കാന്‍ ആവശ്യപ്പെടുകയും കമ്മിറ്റി വിജിലന്‍സ് അന്വേഷണത്തിന് ആവശ്യപ്പെടാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ചേര്‍ന്ന് അഭ്യന്തര മന്ത്രിയെക്കണ്ട് പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മാസം രണ്ട് കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല.
മംഗലത്തുകോണം വാര്‍ഡിലെ മില്ലേനിയം, കാരുണ്യ, ലക്ഷ്മി, കാര്‍ത്തിക, ശ്രീനാരായണ, ഐശ്വര്യ, കാര്‍ത്തിക, പൗര്‍ണമി എന്നീ എട്ട് യൂനിറ്റുകളുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. വായ്പയെടുക്കുന്നതിനായി സമര്‍പ്പിച്ച രേഖകളിലെല്ലാം ജയ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എന്ന പേരില്‍ ഒപ്പിട്ട് സീലും വച്ചിരിക്കുകയാണ്.
വിഷയം പഞ്ചായത്തിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി വിശ്വന്റെ ശ്രദ്ധയില്‍പ്പെട്ടതോടയൊണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് എസ്ബിടിയുടെ ബാലരാമപുരം ശാഖയില്‍ നടത്തിയ അന്വേഷണത്തില്‍ വിഷയം സത്യമാണെന്നു തെളിഞ്ഞു. പഞ്ചായത്ത് മെംബര്‍ സെക്രട്ടറി ജയയ്ക്ക് നല്‍കിയ വിശദീകരണ നോട്ടീസിനുള്ള മറുപടിയില്‍ കുറ്റം ചെയ്തതായി സമ്മതിക്കുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത്രയേറെ ഗൗരവമായ കുറ്റം ചെയ്തിട്ടും പോലിസ് കേസ് എടുക്കാത്തതില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടയില്‍ സസ്‌പെന്‍ഷനിലൂടെ പുറത്താക്കിയിട്ടും ജയ സിഡിഎസ് മീറ്റിങ്ങില്‍ പങ്കെടുക്കാനെത്തിയതായും ആക്ഷേപം ഉയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it