wayanad local

കുടുംബശ്രീ മൃഗ സംരക്ഷണ മേഖല: 93 ലക്ഷത്തിന്റെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചു

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സിഡിഎസ് മുഖേന നടപ്പാക്കുന്ന മൂന്നു മൃഗസംരക്ഷണ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചു. ക്ഷീരസാഗരം, ആട്ഗ്രാമം പദ്ധതികള്‍ക്ക് 93,50,000 രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചത്.
ആര്‍എംഇ പദ്ധതി പ്രകാരം ഗ്രാമീണ മേഖലയില്‍ ചെറുകിട സംരംഭത്തിനായി 8,81,000 രൂപയുടെ പദ്ധതിക്കും അനുമതി ലഭിച്ചിട്ടുണ്ട്. 192 കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ആട് ഗ്രാമം പദ്ധതി പ്രകാരം പുല്‍പ്പള്ളി സിഡിഎസിന് 18 യൂനിറ്റുകള്‍ക്കായി 28,50,000 രൂപയുടെയും, നൂല്‍പ്പുഴ സിഡിഎസിന് 5 യൂനിറ്റുകള്‍ക്കായി 7,50,000 രൂപയുടെയും ക്ഷീര സാഗരം പദ്ധതി പ്രകാരം മുള്ളന്‍കൊല്ലി സിഡിഎസിന് 10 യൂനിറ്റുകള്‍ക്ക് 57,50,000 രൂപയുടെയും പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചത്.
മൂന്നു സിഡിഎസുകളില്‍ പുതുതായി നാലു ഗ്രാമീണ ചെറുകിട സംരംഭ യൂനിറ്റുകള്‍ക്കായി 8,81,000 രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്.ആട് ഗ്രാമം പദ്ധതിയിലൂടെ 23 യൂനിറ്റുകളിലെ 115 അംഗങ്ങള്‍ക്കും, ക്ഷീരസാഗരം പദ്ധതിയിലൂടെ 50 അംഗങ്ങള്‍ക്കും, നാലു ചെറുകിട സംരംഭങ്ങള്‍ മുഖേന 27 പേര്‍ക്കും ഉപജീവനം ഉറപ്പാക്കും.
മൃഗസംരംക്ഷണ മേഖലയില്‍ അംഗീകാരം ലഭിച്ച രണ്ടു ആട് ഗ്രാമം പദ്ധതിക്ക് 36,50,000 രൂപയാണ് ചെലവ് വരുന്നത്. അതില്‍ 11,50,000 രൂപ സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിയായിരിക്കും. ബാക്കി തുക ബാങ്ക് വായ്പയും ഗുണഭോക്തൃ വിഹിതവുമായിരിക്കും.
ക്ഷീര സാഗരം പദ്ധതിക്കായി 57,50,000 രൂപയാണ് പദ്ധതി പ്രകാരം ചെലവ് വരുന്നത്. 5 ലക്ഷം രൂപ സബ്‌സിഡിയായി നല്‍കും. 49,62,500 രൂപ ബാങ്ക് ലോണും ബാക്കി തുക ഗുണഭോക്തൃ വിഹിതവുമായിരിക്കും.
പൊഴുതന സിഡിഎസ് രണ്ടു ചെറുകിട സംരംഭങ്ങള്‍ക്കും, പനമരം, പൂതാടി സിഡിഎസുകള്‍ ഓരോ ഗ്രാമീണ ചെറുകിട സംരംഭങ്ങള്‍ക്കുമായി 8,81,000 രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചത്.
5,30,000 രൂപ ബാങ്ക് ലോണും, 81,000 രൂപ ഗുണഭോക്തൃ വിഹിതവുമായിരിക്കും. 2,70,000 രൂപ സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും.
Next Story

RELATED STORIES

Share it