wayanad local

കുടുംബശ്രീ പ്രവര്‍ത്തനം പഠിക്കാന്‍ കര്‍ണാടക സംഘമെത്തി

കല്‍പ്പറ്റ: കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പരിപാടികളും പദ്ധതികളും നേരിട്ടറിയാനായി കര്‍ണാടക സംഘമെത്തി. 20 അംഗ സംഘം തിരുനെല്ലി സിഡിഎസിലെ കുടുംബശ്രീ പരിപാടികളാണ് പഠനവിധേയമാക്കിയത്. കര്‍ണാടകയിലെ എച്ച്ഡി കോട്ടയിലുള്ള 14 സ്ത്രീകളും ആറു പുരുഷന്‍മാരുമാണ് തിരുനെല്ലിയിലെത്തിയത്. അയല്‍ക്കൂട്ടം, എഡിഎസ്- സിഡിഎസ് പ്രവര്‍ത്തനം, തദ്ദേശ ഭരണസ്ഥാപനങ്ങളുടെ സഹകരണം, വിവിധ വകുപ്പുകളുമായുള്ള സംയോജന പദ്ധതികള്‍, സംഘകൃഷി ഗ്രൂപ്പുകള്‍, ചെറുകിട സംരംഭങ്ങള്‍, സമഗ്ര പദ്ധതികള്‍ എന്നിവ നേരിട്ടു കാണാനാണ് സംഘമെത്തിയത്.
തിരുനെല്ലി സിഡിഎസ് ഓഫിസില്‍ എത്തിയ സംഘം കുടുംബശ്രീ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. കര്‍ണാടക ജീവിക സംസ്ഥാന കോ-ഓഡിനേറ്റര്‍ കിരണ്‍ കമല്‍ പ്രസാദ്, സംസ്ഥാന കള്‍ച്ചറല്‍ കോ-ഓഡിനേറ്റര്‍ ഉമേഷ്, മൈസൂര്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ബസവരാജു, എച്ച്ഡി കോട്ട താലൂക്ക് കോ-ഓഡിനേറ്റര്‍ ചന്ദ്രശേഖര്‍ മൂര്‍ത്തി, എച്ച്ഡി കോട്ട കൂട്ടായ്മ പ്രസിഡന്റ് മല്ലികമ്മ, വനിതാ കോ-ഓഡിനേറ്റര്‍ നാഗമ്മ, നാഷനല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്‌സിറ്റിയിലെ പ്രഫസര്‍ സോണി പല്ലിശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് സംഘം തിരുനെല്ലിയില്‍ പഠനം നടത്തിയത്. വിവിധ പദ്ധതികളും പരിപാടികളും തിരുനെല്ലി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അജിത നാരായണന്‍, ഉപസമിതി കണ്‍വീനര്‍ എന്നിവരും ജില്ലയിലെ പ്രത്യേക പദ്ധതികളെക്കുറിച്ച് ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി പി മുഹമ്മദും വിശദീകരിച്ചു. കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട സംരംഭങ്ങളും സംഘകൃഷി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനവും സംഘം വിലയിരുത്തി.
Next Story

RELATED STORIES

Share it