wayanad local

കുടുംബശ്രീ 'നീര്‍ക്കുമ്പിള്‍' പദ്ധതിക്ക് കല്‍പ്പറ്റയില്‍ തുടക്കം



കല്‍പ്പറ്റ: കടുത്ത വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ പറവകള്‍ക്ക് ദാഹജലമേകാനുള്ള 'നീര്‍ക്കുമ്പിള്‍' പദ്ധതിക്ക് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ തുടക്കമായി. കുടുംബശ്രീ ബാലസഭാ അംഗങ്ങളായ കുട്ടികളെ പങ്കെടുപ്പിച്ച് അവരുടെ വീടുകളിലും മറ്റ് സൗകര്യപ്രദമായ സ്ഥലങ്ങളിലും ചിരട്ട, മണ്‍പാത്രം തുടങ്ങിയവയില്‍ വെള്ളം നിറച്ച് പക്ഷികള്‍ക്ക് ലഭിക്കത്തക്കവണ്ണം സജ്ജീകരിക്കുന്നതാണ് പദ്ധതി. കലക്ടറേറ്റ് ഉദ്യാനത്തില്‍ ജില്ലാ കലക്ടര്‍ ഡോ. ബി എസ് തിരുമേനി ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. കല്‍പ്പറ്റ ട്രാഫിക് ജങ്ഷന്‍ ജനമൈത്രി പാര്‍ക്കില്‍ സംഘടിപ്പിച്ച കാംപയിന്‍ കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജലസംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതോടൊപ്പം പുതുതലമുറയില്‍ സഹജീവി സ്‌നേഹവും വളര്‍ത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ബാലസഭാ അംഗങ്ങളായ കുട്ടികളില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട് കൂടുതല്‍ കുട്ടികളും അവരുടെ കുടുംബങ്ങളും പക്ഷികള്‍ക്ക് ദാഹജലം നല്‍കാന്‍ മുന്നിട്ടിറങ്ങുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി സാജിത, അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍മാരായ കെ പി ജയചന്ദ്രന്‍, കെ എ ഹാരിസ്, കല്‍പ്പറ്റ ഡിവൈഎസ്പി മുഹമ്മദ് ഷാഫി, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ വല്‍സരാജ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it