ernakulam local

കുടുംബശ്രീ തിരഞ്ഞെടുപ്പ് ജ്വരത്തിലേക്ക്

കാക്കനാട്: ജില്ലയില്‍ കുടുംബശ്രീ തിരഞ്ഞെടുപ്പ് ജ്വരത്തിലേക്ക്. ത്രിതല തദ്ദേശഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് എന്നതാണ് ശ്രദ്ധേയം. ജനുവരി എട്ടു മുതല്‍ 25 വരെയാണ് തിരഞ്ഞെടുപ്പ്. എട്ട് മുതല്‍ 14 വരെ അയല്‍ക്കൂട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. പ്രസിഡന്റ്, സെക്രട്ടറി, മൂന്ന് ഉപ സമിതി കണ്‍വീനര്‍മാര്‍ എന്നിവരെയാണ് തിരഞ്ഞെടുക്കുക. 18 മുതല്‍ 21 വരെ വാര്‍ഡ്തല എഡിഎസ് തിരഞ്ഞെടുപ്പ് നടക്കും. എഡിഎസ് ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി, വൈസ്. ചെയര്‍പേഴ്‌സണ്‍ എന്നിവരെയാണ് വാര്‍ഡ് തലങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുക. 25ന് സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരെയും വൈസ്. ചെയര്‍പേഴ്‌സണ്‍മാരെയും തിരഞ്ഞെടുക്കും. ജനുവരി 26ന് പുതിയ കുടുംബശ്രീ അധികാരമേല്‍ക്കും. ജില്ലയിലെ 23,000 അയല്‍കൂട്ടങ്ങള്‍വഴി മൂന്നര ലക്ഷം കുടുംബങ്ങളാണ് തിരഞ്ഞെടുപ്പ് രംഗത്ത്. കുടുംബശ്രീ ബൈലോ പ്രകാരം ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ക്കാണ് അംഗത്വം. പത്തിനും ഇരുപതിനുമിടക്ക് അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഓരോ അയല്‍കൂട്ടവും. അയല്‍കൂട്ടം, വാര്‍ഡുതല എഡിഎസ്, പഞ്ചായത്തുതല സിഡിഎസ് എന്നീ ത്രിതല തിരഞ്ഞെടുപ്പിന്റെ മാര്‍ഗരേഖ സര്‍ക്കാര്‍ പുറപ്പെടുവിച്ചുകഴിഞ്ഞു. ത്രിതല സംഘടനാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനുവേണ്ടി അതാതു ജില്ലാ കലക്ടര്‍മാര്‍ നിയമിക്കുന്ന ഉദ്യോഗസ്ഥനാണ് ജില്ലാ വരണാധികാരി. തര്‍ക്കപരാതിപരിഹാരങ്ങളുടെ അപ്പീല്‍ അധികാരിയും കലക്ടറാണ്.
Next Story

RELATED STORIES

Share it